വർഷങ്ങൾ നീണ്ട ദുരിതത്തിന് വിരാമം; ഡോക്ടർമാർക്ക് പിടികൊടുക്കാത്ത രോഗം കൃത്യമായി നിർണയിച്ച് ഗൂഗിൾ ജെമിനി, മാധ്യമപ്രവർത്തകയുടെ അനുഭവം വൈറൽ

Estimated read time 1 min read

പതിറ്റാണ്ടുകളായി തന്നെ അലട്ടിയിരുന്ന കടുത്ത ശാരീരിക വേദനകൾക്കും അവശതകൾക്കും കാരണം ഗൂഗിളിന്റെ നിർമ്മിത ബുദ്ധി സംവിധാനമായ ‘ജെമിനി’യിലൂടെ (Google Gemini) കണ്ടെത്തി മാധ്യമപ്രവർത്തക. വാൾ സ്ട്രീറ്റ് ജേണൽ (WSJ) റിപ്പോർട്ടറായ കാതറിൻ ബിൻഡ്‌ലിയുടെ അനുഭവമാണ് ഇപ്പോൾ ലോകമാകെ ചർച്ചയാകുന്നത്. വർഷങ്ങളായി നിരവധി ഡോക്ടർമാരെ കണ്ടിട്ടും കണ്ടെത്താനാവാത്ത രോഗമാണ് എ.ഐയുടെ സഹായത്തോടെ കാതറിൻ തിരിച്ചറിഞ്ഞത്.

കുട്ടിക്കാലം മുതൽക്കെ വിവിധ ആരോഗ്യപ്രശ്നങ്ങൾ കാതറിനെ അലട്ടിയിരുന്നു. ഏഴാം വയസ്സിലെ ആസ്ത്മയിൽ തുടങ്ങി, കൗമാരത്തിലെ മൈഗ്രേയ്ൻ, പതിനെട്ടാം വയസ്സിലെ അപ്പൻഡിക്സ് ശസ്ത്രക്രിയ എന്നിവയ്ക്ക് ശേഷം ഇരുപതുകളിൽ കടുത്ത വയറുവേദനയും ആരംഭിച്ചു. ക്രോൺസ്, സീലിയാക്, അൾസർ തുടങ്ങിയവയ്ക്കുള്ള പരിശോധനാ ഫലങ്ങളെല്ലാം നെഗറ്റീവായിരുന്നു. കഴിഞ്ഞ ഒരു വർഷമായി കടുത്ത ക്ഷീണവും അമിത രക്തസ്രാവത്തെ തുടർന്ന് ശരീരത്തിൽ ഇരുമ്പിന്റെ കുറവും അനുഭവപ്പെട്ടതോടെയാണ് അവർ നിർമ്മിത ബുദ്ധിയുടെ സഹായം തേടിയത്.

തന്റെ രോഗലക്ഷണങ്ങളും പഴയ അൾട്രാസൗണ്ട്, സി.ടി സ്കാൻ, എം.ആർ.ഐ ഫലങ്ങളും ശസ്ത്രക്രിയാ റിപ്പോർട്ടുകളും അവർ ജെമിനിക്ക് നൽകി. വിവരങ്ങൾ സസൂക്ഷ്മം വിശകലനം ചെയ്ത ജെമിനി, ഗർഭാശയ സംബന്ധമായ ‘അഡിനോമയോസിസ്’ (Adenomyosis), ‘എൻഡോമെട്രിയോസിസ്’ (Endometriosis) എന്നീ രോഗങ്ങളാകാമെന്ന് കൃത്യമായി ചൂണ്ടിക്കാട്ടി.

തുടർന്ന് സാൻഫ്രാൻസിസ്കോ മെഡിക്കൽ സെന്ററിൽ ഇവർ എം.ആർ.ഐ പരിശോധന നടത്തിയെങ്കിലും ലക്ഷണങ്ങൾ കണ്ടെത്താനായില്ല. സാധാരണ സ്കാനുകളിൽ എൻഡോമെട്രിയോസിസ് കണ്ടെത്താനായേക്കില്ലെന്ന ജെമിനിയുടെ തന്നെ വിശദീകരണത്തെ തുടർന്ന് നടത്തിയ പ്രത്യേക ‘ഡൈനാമിക് അൾട്രാസൗണ്ട്’ പരിശോധനയിലാണ് ഒടുവിൽ രോഗം സ്ഥിരീകരിച്ചത്. മറ്റ് രണ്ട് വിദഗ്ധ ഡോക്ടർമാർ കൂടി ഈ കണ്ടെത്തൽ ശരിവെച്ചതോടെ കാതറിൻ ഇപ്പോൾ ശസ്ത്രക്രിയയ്ക്കുള്ള തയ്യാറെടുപ്പിലാണ്.

സംഭവത്തോടെ ആരോഗ്യരംഗത്തെ എ.ഐയുടെ സാധ്യതകൾ വീണ്ടും ചർച്ചയായിരിക്കുകയാണ്. എന്നാൽ എ.ഐ നൽകുന്ന വിവരങ്ങൾ പൂർണ്ണമായും ശരിയാകണമെന്നില്ലെന്നും, തെറ്റായ വിവരങ്ങൾ നൽകി രോഗികളിൽ അനാവശ്യ ആശങ്ക സൃഷ്ടിക്കാൻ ഇതിന് കഴിയുമെന്നും ഹാർവാർഡ് മെഡിക്കൽ സ്കൂളിലെ വിദഗ്ധനായ ഐസക് കൊഹാനെ മുന്നറിയിപ്പ് നൽകുന്നു. അതേസമയം, സ്വന്തം ആരോഗ്യവിവരങ്ങൾ മനസ്സിലാക്കാനും ഡോക്ടർമാരോട് കൂടുതൽ കൃത്യമായ ചോദ്യങ്ങൾ ചോദിക്കാനും എ.ഐ രോഗികളെ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

+ There are no comments

Add yours