കെ.പി.സി.സി അധ്യക്ഷ സ്ഥാനം ലക്ഷ്യമിട്ട് കോൺഗ്രസിൽ ‘എ’ ഗ്രൂപ്പ് സജീവം; സാധ്യത കൽപ്പിച്ച് ബെന്നി ബെഹനാനും ഷാഫിക്കും

Estimated read time 1 min read

ഉമ്മൻചാണ്ടിയുടെ വിയോഗത്തിന് ശേഷം ദുർബലമായ കോൺഗ്രസിലെ ‘എ’ ഗ്രൂപ്പ് വീണ്ടും സജീവമാകുന്നു. ബോർഡ് – കോർപ്പറേഷൻ വിഭജനത്തിലെ അതൃപ്തികൾക്കിടെ, കെ.പി.സി.സി അധ്യക്ഷ സ്ഥാനം നേടിയെടുക്കുകയാണ് ഗ്രൂപ്പിന്റെ പ്രധാന ലക്ഷ്യം.

നിലവിൽ വി.ഡി. സതീശൻ മുഖ്യമന്ത്രിയും രമേശ് ചെന്നിത്തല ആഭ്യന്തരമന്ത്രിയുമായതോടെ ഭരണത്തിലും പാർട്ടിയിലും വിശാല ‘ഐ’ ഗ്രൂപ്പിന് മികച്ച പരിഗണനയാണ് ലഭിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് പുതിയ കെ.പി.സി.സി അധ്യക്ഷനെ നിശ്ചയിക്കുമ്പോൾ തങ്ങളെ പരിഗണിക്കണമെന്ന ആവശ്യവുമായി ‘എ’ ഗ്രൂപ്പ് രംഗത്തെത്തിയിരിക്കുന്നത്. അധ്യക്ഷനായി ക്രൈസ്തവ വിഭാഗത്തിൽ നിന്നുള്ളയാളെ പരിഗണിക്കുകയാണെങ്കിൽ ബെന്നി ബെഹനാനുവേണ്ടിയും, മുസ്ലിം വിഭാഗത്തിൽ നിന്നാണെങ്കിൽ ഷാഫി പറമ്പിലിനുവേണ്ടിയും സമ്മർദ്ദം ചെലുത്താനാണ് തീരുമാനം.

ബുധനാഴ്ച ചേർന്ന ഗ്രൂപ്പ് യോഗത്തിലാണ് ഇതുസംബന്ധിച്ച ധാരണയായത്. ബോർഡ് – കോർപ്പറേഷൻ വിഭജനത്തിലെ പ്രാതിനിധ്യക്കുറവ് ചൂണ്ടിക്കാട്ടി ഹൈക്കമാൻഡിനെയും എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിനെയും കാണുമ്പോൾ അധ്യക്ഷ സ്ഥാനമെന്ന ആവശ്യവും ഇവർ ശക്തമായി ഉന്നയിക്കും.

അതേസമയം, ‘എ’ ഗ്രൂപ്പിന്റെ പുനരുജ്ജീവന നീക്കങ്ങൾ ആരംഭിച്ചതോടെ മറ്റ് ക്യാമ്പുകളിലേക്ക് മാറിയ പല നേതാക്കളും തിരികെയെത്തുകയാണ്. വി.ഡി. സതീശൻ മുഖ്യമന്ത്രിയായതിന് പിന്നാലെ കെ.സി. വേണുഗോപാൽ പക്ഷത്തുനിന്നും പതുക്കെ പുറത്തുകടന്ന ഷാഫി പറമ്പിലും പി.സി. വിഷ്ണുനാഥും പൂർണ്ണമായും ‘എ’ ഗ്രൂപ്പിന്റെ കുടക്കീഴിലേക്ക് മടങ്ങിയെത്തിയിട്ടുണ്ട്. ഗ്രൂപ്പിന് വീണ്ടും ജീവൻ വെയ്പ്പിക്കുന്ന പ്രധാന ദൗത്യവും ഇവർ ഏറ്റെടുത്തിരിക്കുകയാണ്.

+ There are no comments

Add yours