കൊച്ചി: ജുവനൈൽ കേസുകളിലെ പ്രായപരിധി നിലവിലെ 18-ൽ നിന്ന് 16 വയസ്സായി കുറയ്ക്കുന്ന കാര്യം കേന്ദ്ര-സംസ്ഥാന നിയമനിർമ്മാണ സഭകൾ പരിഗണിക്കണമെന്ന് ഹൈക്കോടതി. ജസ്റ്റിസ് എ. ബദറുദ്ദീന്റെ സിംഗിൾ ബെഞ്ചാണ് നിർണായകമായ ഈ നിരീക്ഷണം നടത്തിയത്.
ഇരുപത്തിമൂന്ന് വയസ്സിന് താഴെയുള്ളവർ മദ്യം കഴിച്ചതുമായി ബന്ധപ്പെട്ട ഒരു അബ്കാരി കേസ് പരിഗണിക്കുന്നതിനിടെയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. പ്രായപൂർത്തിയാകാത്തവർ മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കുന്നതും, കൊലപാതകങ്ങൾ ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങൾ ആസൂത്രണം ചെയ്യുന്നതും വലിയ തോതിൽ ചർച്ചയാകുന്ന പശ്ചാത്തലത്തിലാണ് ഈ ഇടപെടൽ.
ചേരാനല്ലൂരിൽ 17-കാരൻ ഓടിച്ച വാഹനമിടിച്ച് ജയബാലകൃഷ്ണൻ എന്നയാൾ മരിച്ച കേസിൽ, നിയമത്തിലെ ഇളവുകാരണം പ്രതിയെ ജയിലിലടയ്ക്കാൻ കഴിയാത്തതിനെതിരെ കുടുംബവും പൊതുസമൂഹവും ശക്തമായി രംഗത്തെത്തിയിരുന്നു. ജുവനൈൽ പ്രായപരിധി കുറയ്ക്കണമെന്ന ആവശ്യം പൊതുസമൂഹത്തിൽ നിന്ന് പലവട്ടം ഉയർന്നിട്ടുള്ള സാഹചര്യത്തിൽ കൂടിയാണ് ഹൈക്കോടതിയും ഇതിന് അനുകൂലമായ നിലപാട് സ്വീകരിച്ചിരിക്കുന്നത്.




+ There are no comments
Add yours