പൊതുവിദ്യാലയങ്ങളിൽ ബാലഗോകുലത്തിന്റെ സ്‌കോളർഷിപ്പ് പരീക്ഷ; മന്ത്രിയറിയാതെ അനുമതി നൽകിയത് വിവാദത്തിൽ

Estimated read time 1 min read

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ ബാലഗോകുലം പ്രസിദ്ധീകരണത്തിന്റെ സ്‌കോളർഷിപ്പ് മത്സരം സംഘടിപ്പിക്കാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർ അനുമതി നൽകിയത് വിവാദമായി. വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ പോലുമറിയാതെയാണ് പരീക്ഷയ്ക്ക് അനുമതി നൽകിയിരിക്കുന്നത്. സംഭവം വിവാദമായതോടെ മന്ത്രി പൊതുവിദ്യാഭ്യാസ ഡയറക്ടറോട് വിശദമായ റിപ്പോർട്ട് തേടി.

ദേശീയ അധ്യാപക പരിഷത്ത് ജനറൽ സെക്രട്ടറി ടി. അനൂപ് കുമാറിനാണ് പരീക്ഷ നടത്താനുള്ള അനുമതി ലഭിച്ചത്. ആർ.എസ്.എസിന്റെ കീഴിൽ പ്രവർത്തിക്കുന്ന ബാലഗോകുലം പുറത്തിറക്കുന്ന ‘മയിൽപ്പീലി’ മാസികയുമായി ചേർന്ന് എൽ.പി, യു.പി, ഹൈസ്‌കൂൾ വിദ്യാർഥികൾക്കായാണ് ‘യങ് സ്‌കോളർ എക്‌സാം’ എന്ന പേരിൽ പദ്ധതി സംഘടിപ്പിച്ചത്. കുട്ടികളിൽ നിന്ന് ഫീസ് ഈടാക്കാതെയും പഠനസമയം നഷ്ടപ്പെടുത്താതെയും മത്സരം നടത്തണമെന്നായിരുന്നു വിദ്യാഭ്യാസ ഡയറക്ടറുടെ നിർദേശം.

നാല് ഘട്ടങ്ങളിലായി മത്സരം നടത്തി ഡിസംബറിൽ സ്‌കോളർഷിപ്പ് വിതരണം ചെയ്യാനായിരുന്നു സംഘാടകർ തീരുമാനിച്ചിരുന്നത്. ഇതിലെ ഒരു ഘട്ട പരീക്ഷ ഇന്നാണ് നിശ്ചയിച്ചിരുന്നത്. വിദ്യാഭ്യാസ വകുപ്പിലെ ഉന്നതതലങ്ങളിൽ കൂടിയാലോചിക്കാതെയാണ് ഇത്തരമൊരു പരിപാടിക്ക് അനുമതി നൽകിയതെന്നാണ് പ്രധാന വിമർശനം.

+ There are no comments

Add yours