പറവൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സാ പിഴവിനെ തുടർന്ന് കാൽ മുറിച്ചുമാറ്റി; രൂക്ഷവിമർശനവുമായി പി. രാജീവ്

Estimated read time 1 min read

പറവൂർ: താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയെത്തിയ മധ്യവയസ്കന്റെ കാൽ മുറിച്ചുമാറ്റേണ്ടി വന്ന സംഭവത്തിൽ ആരോഗ്യവകുപ്പിനെതിരെ രൂക്ഷവിമർശനവുമായി സി.പി.ഐ.എം നേതാവ് പി. രാജീവ്. ഗൗരവമായ ചികിത്സാ പിഴവാണ് ആശുപത്രിയുടെ ഭാഗത്തുനിന്നുണ്ടായതെന്നും, മുഖ്യമന്ത്രിയുടെ മണ്ഡലത്തിൽ നടന്ന ഈ സംഭവത്തിൽ അദ്ദേഹം തന്നെ നേരിട്ട് അന്വേഷണത്തിന് ഉത്തരവിടണമെന്നും രാജീവ് ആവശ്യപ്പെട്ടു.

ജൂലൈ 26-നാണ് വലതുകാലിലെ കഠിനമായ വേദനയെ തുടർന്ന് ജബ്ബാർ എന്നയാൾ പറവൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയത്. അന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർ വേദനസംഹാരികളും കുത്തിവെപ്പും നൽകി ഇദ്ദേഹത്തെ മടക്കി അയച്ചു. വേദന കുറയാത്തതിനെ തുടർന്ന് വീണ്ടും ആശുപത്രിയിലെത്തിയെങ്കിലും പിറ്റേന്ന് സർജനെ കാണാൻ നിർദ്ദേശിച്ച് തിരിച്ചയക്കുകയായിരുന്നു.

എന്നാൽ പിറ്റേദിവസം സർജനെ കണ്ടപ്പോഴാണ് സ്‌ട്രോക്ക് കാരണമാണ് വേദനയുണ്ടായതെന്നും എട്ട് മണിക്കൂറിനകം ശസ്ത്രക്രിയ ചെയ്യണമായിരുന്നുവെന്നും വ്യക്തമാക്കുന്നത്. സമയം വൈകിയതിനാൽ കാൽ മുറിച്ചുമാറ്റുകയല്ലാതെ മറ്റ് മാർഗ്ഗങ്ങളില്ലെന്ന് ഡോക്ടർമാർ അറിയിക്കുകയായിരുന്നു.

മാതൃകയായിരുന്ന കേരള ആരോഗ്യസംവിധാനത്തെ തകർക്കുന്നതാണ് ഈ സംഭവമെന്ന് പി. രാജീവ് കുറ്റപ്പെടുത്തി. ഇതിനുപുറമെ, പരാതിക്കാരനായ ജബ്ബാറിനെതിരെ കോൺഗ്രസ് പ്രവർത്തകർ നടത്തുന്ന സൈബർ ആക്രമണങ്ങളെയും അദ്ദേഹം ശക്തമായി അപലപിച്ചു. ഇരയോടൊപ്പം നിന്നില്ലെങ്കിലും ക്രൂരമായി ആക്രമിക്കാതിരിക്കാനുള്ള മനുഷ്യത്വം കാണിക്കണമെന്നും, ജബ്ബാറിന്റെ കുടുംബത്തിന് ആവശ്യമായ എല്ലാ നിയമസഹായങ്ങളും നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

+ There are no comments

Add yours