നീണ്ടകരയിലെ സ്ത്രീധന പീഡനം: വിദേശത്ത് വെച്ച് യുവതിയെ ക്രൂരമായി മർദ്ദിച്ച ഭർത്താവ് വിമാനത്താവളത്തിൽ അറസ്റ്റിൽ

Estimated read time 1 min read

കൊല്ലം: നീണ്ടകര പുത്തൻതുറ സ്വദേശിനിയായ അഞ്ജു നൽകിയ സ്ത്രീധന പീഡന പരാതിയിൽ ഭർത്താവ് ചവറ സ്വദേശി നന്ദു അറസ്റ്റിൽ. തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയ പ്രതിയെ ചവറ പോലീസാണ് പിടികൂടിയത്. യുവതിയുടെ പരാതിയിൽ ഭർത്താവിന് പുറമെ ഭർതൃപിതാവ് ദിനേശ്, ഭർതൃമാതാവ് ജഗതമ്മ എന്നിവരെ പ്രതി ചേർത്ത് പോലീസ് നേരത്തെ കേസെടുത്തിരുന്നു. വിഷയത്തിൽ ദേശീയ വനിതാ കമ്മീഷനും സ്വമേധയാ കേസെടുത്തിട്ടുണ്ട്.

കഴിഞ്ഞ ജൂൺ 27-നായിരുന്നു ഇവരുടെ വിവാഹം. വിവാഹം കഴിഞ്ഞ് ഒരാഴ്ചയ്ക്കുള്ളിൽ തന്നെ സ്ത്രീധനത്തിന്റെ പേരിൽ പീഡനം തുടങ്ങിയിരുന്നതായി യുവതി പറയുന്നു. പിന്നീട് പ്രശ്നങ്ങൾ പരിഹരിച്ച് സൗദിയിലുള്ള ഭർത്താവിന്റെ അടുത്തേക്ക് അഞ്ജു പോയെങ്കിലും, അവിടെ വെച്ചും അതിക്രൂരമായ മർദ്ദനമാണ് നേരിടേണ്ടി വന്നത്. കുക്കർ, ലാപ്ടോപ്പ്, മൊബൈൽ ചാർജർ തുടങ്ങിയവ ഉപയോഗിച്ചായിരുന്നു മർദ്ദനം. കഴുത്തിൽ കത്തിവെച്ച് ഭീഷണിപ്പെടുത്തിയതായും, ഭയപ്പെടുത്തി റെക്കോർഡ് ചെയ്ത ശബ്ദരേഖ ഭർത്താവ് പിന്നീട് പ്രചരിപ്പിച്ചതായും യുവതിയുടെ പരാതിയിലുണ്ട്.

ക്രൂരമായ മർദ്ദനത്തെ തുടർന്ന് സെപ്റ്റംബർ 30-നാണ് അഞ്ജു നാട്ടിൽ തിരിച്ചെത്തി ചവറ പോലീസിൽ പരാതി നൽകിയത്. യുവതിയുടെ ശരീരത്തിൽ മർദ്ദനമേറ്റതിന്റെ നിരവധി പാടുകളുണ്ടായിരുന്നു. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇപ്പോൾ നന്ദു പിടിയിലായത്.

+ There are no comments

Add yours