തിരുവനന്തപുരം: തലസ്ഥാന നഗരത്തെ ഞെട്ടിച്ച ചാല സ്വർണക്കവർച്ചയ്ക്ക് പിന്നിൽ ദിവസങ്ങൾ നീണ്ട വൻ ആസൂത്രണം നടന്നിട്ടുണ്ടെന്ന് പോലീസ്. മോഷ്ടാക്കൾ പലതവണ സ്ഥലം സന്ദർശിച്ച് കൃത്യമായ സമയവും സ്ഥലവും നേരത്തെതന്നെ നിശ്ചയിച്ചിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തി. സ്വർണം പൊട്ടിക്കൽ സംഘങ്ങളെയും, ജ്വല്ലറിയിലേക്ക് സ്വർണം എത്തിക്കുന്ന ഏജന്റുമാരെയും കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്.
കവർച്ച നടന്ന ദിവസം വൈകിട്ട് ഏഴരയോടെ തന്നെ പ്രതികൾ ബൈക്കുകളിൽ നഗരത്തിലെത്തിയിരുന്നു. ഇവർ കിള്ളിപ്പാലം ജംഗ്ഷനിൽ നിൽക്കുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്. രാത്രി ഒമ്പത് മണിയോടെ ജ്വല്ലറിക്ക് സമീപത്തെത്തിയ സംഘം ഒരു മണിക്കൂറിലധികം പ്രദേശം നിരീക്ഷിച്ചു. തുടർന്ന് ഉടമ നന്ദകുമാർ സ്വർണ്ണവുമായി പുറത്തിറങ്ങിയതിന് പിന്നാലെ പിന്തുടർന്ന് കവർച്ച നടത്തുകയായിരുന്നു.
അന്ന് പതിവിലും കൂടുതൽ സ്വർണമാണ് നന്ദകുമാർ വീട്ടിലേക്ക് കൊണ്ടുപോയത്. സ്വർണത്തിന്റെ അളവ് സംബന്ധിച്ചും, അദ്ദേഹം പുറത്തിറങ്ങിയ സമയത്തെക്കുറിച്ചും പ്രതികൾക്ക് കൃത്യമായ വിവരം ലഭിച്ചിരുന്നതായി പോലീസ് സംശയിക്കുന്നു. സംഭവത്തിൽ ജീവനക്കാരിൽ നിന്നടക്കം മൊഴിയെടുത്ത പോലീസ്, പരാതിക്കാരനെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. സി.സി.ടി.വിയിൽ കണ്ട ഹോണ്ട ബൈക്കുകൾ കേന്ദ്രീകരിച്ചും അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. കവർച്ചയിൽ കൂടുതൽ പേർക്ക് പങ്കുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.




+ There are no comments
Add yours