തിരുവനന്തപുരം: ബോർഡ് – കോർപറേഷൻ സ്ഥാനങ്ങളുടെ വിഭജനത്തെച്ചൊല്ലി കോൺഗ്രസിനുള്ളിൽ തർക്കം രൂക്ഷമാകുന്നു. ഇന്നലെ രാത്രി ഓൺലൈനായി ചേർന്ന കെ.പി.സി.സി ഭാരവാഹി യോഗത്തിൽ ഡി.സി.സി അധ്യക്ഷന്മാർ നേതൃത്വത്തിനെതിരെ കടുത്ത വിമർശനമാണ് ഉയർത്തിയത്. വിഭജനത്തിൽ തങ്ങൾക്ക് അർഹമായ പ്രാതിനിധ്യം ലഭിച്ചില്ലെന്ന് കുറ്റപ്പെടുത്തിയ അവർ, പാർട്ടി തീരുമാനങ്ങൾക്ക് ‘ഒച്ചിന്റെ വേഗത’യാണെന്നും പരിഹസിച്ചു. നിയമനങ്ങളിലെ കാലതാമസം കെ.പി.സി.സി അധ്യക്ഷൻ സണ്ണി ജോസഫ് യോഗത്തിൽ സമ്മതിച്ചു.
ജി.എൻ.എ (GNA) കരാറുമായി ബന്ധപ്പെട്ട വിഷയത്തിൽ പാർട്ടി അടിയന്തരമായി വ്യക്തത വരുത്തണമെന്ന് കോൺഗ്രസ് വക്താക്കളും യോഗത്തിൽ ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയും വകുപ്പുമന്ത്രിയും തമ്മിൽ ഭിന്നത നിലനിൽക്കുന്നതിനാൽ ചാനൽ ചർച്ചകളിൽ പങ്കെടുക്കുന്നത് വലിയ പ്രതിസന്ധിയാണെന്ന് മാധ്യമ വിഭാഗത്തിന്റെ ചുമതലയുള്ളവർ ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രിയോടൊപ്പമാണോ അതോ മന്ത്രിക്കൊപ്പമാണോ നിൽക്കേണ്ടതെന്ന് ദീപ്തി മേരി വർഗീസ് യോഗത്തിൽ ചോദിച്ചു. ഈ ആശയക്കുഴപ്പം കാരണം ചർച്ചകൾക്ക് പാനലിസ്റ്റുകളെ നിയോഗിക്കാൻ കഴിയാത്ത സാഹചര്യമാണുള്ളത്.
അടൂർ പ്രകാശ് ഉൾപ്പെടെയുള്ളവരുടെ വിമത നീക്കങ്ങൾക്ക് പിന്നിൽ കെ.സി പക്ഷമാണെന്നാണ് വി.ഡി സതീശൻ അനുകൂലികളുടെ പ്രധാന വാദം. എന്നാൽ മുഖ്യമന്ത്രിക്കെതിരായ വിമർശനങ്ങളോട് കെ.സി വേണുഗോപാൽ ഇതുവരെ പരസ്യമായി പ്രതികരിച്ചിട്ടില്ല. യു.ഡി.എഫ് സർക്കാർ അധികാരമേറ്റ് ആറുമാസം കഴിഞ്ഞിട്ടും ബോർഡ് – കോർപറേഷൻ വിഭജനം പൂർത്തിയാക്കാൻ കഴിയാത്തതിൽ ഘടകക്ഷികൾക്കും കടുത്ത അതൃപ്തിയുണ്ട്. ഇതിനുപുറമെ പാർട്ടിയിലുയരുന്ന പുതിയ വിമതസ്വരങ്ങളും മന്ത്രിമാരുടെ ഭിന്നതയും കോൺഗ്രസ് നേതൃത്വത്തിന് വലിയ തലവേദനയാണ് സൃഷ്ടിക്കുന്നത്.




+ There are no comments
Add yours