ത്കാൽ, പ്രീമിയം തത്കാൽ, ആർ.എ.സി വരുമാനക്കണക്കുകൾ ഒളിപ്പിച്ച് റെയിൽവേ; വിവരാവകാശ ചോദ്യത്തിന് മറുപടിയില്ല

Estimated read time 1 min read

മുംബൈ: തത്കാൽ, പ്രീമിയം തത്കാൽ, ആർ.എ.സി (RAC) ടിക്കറ്റുകളിലൂടെ വൻ ലാഭമുണ്ടാക്കുമ്പോഴും ഇതിൽ നിന്നുള്ള വരുമാനക്കണക്കുകൾ മറച്ചുവെച്ച് ഇന്ത്യൻ റെയിൽവേ. വിവരാവകാശ നിയമപ്രകാരം നൽകിയ ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി നൽകാൻ റെയിൽവേ തയ്യാറായില്ല. നേരത്തെ പാർലമെന്റിൽ ഇതേ ചോദ്യമുയർന്നപ്പോഴും അധികൃതർ വ്യക്തമായ കണക്കുകൾ നൽകിയിരുന്നില്ല.

അവസാന നിമിഷം യാത്ര തീരുമാനിക്കുന്നവർക്ക് സഹായകരമാകാനാണ് തത്കാൽ ടിക്കറ്റുകൾ കൊണ്ടുവന്നതെങ്കിലും, ഇപ്പോൾ യാത്രക്കാരെ പിഴിയാനുള്ള വഴിയായി ഇത് മാറിയിരിക്കുകയാണ്. ആകെ ടിക്കറ്റുകളുടെ 30 ശതമാനത്തോളമാണ് റെയിൽവേ തത്കാൽ ക്വാട്ടയിലേക്ക് മാറ്റുന്നത്. ഇതിൽ 50 ശതമാനവും വിമാന ടിക്കറ്റുകളോട് കിടപിടിക്കുന്ന ഉയർന്ന നിരക്കുള്ള പ്രീമിയം തത്കാൽ ടിക്കറ്റുകളാണ്. കഴിഞ്ഞ രണ്ട് വർഷത്തിനിടെ 28.64 കോടി യാത്രക്കാരാണ് തത്കാൽ, പ്രീമിയം തത്കാൽ ടിക്കറ്റുകൾ ഉപയോഗിച്ച് യാത്ര ചെയ്തത്. ഇതിൽ അഞ്ച് കോടിയോളം പേർ പ്രീമിയം തത്കാൽ എടുത്തവരാണ്. എന്നാൽ ഇത് വഴി എത്ര വരുമാനമുണ്ടാക്കിയെന്ന ചോദ്യത്തിനാണ് റെയിൽവേ മറുപടി നൽകാതിരുന്നത്.

ആർ.എ.സി ടിക്കറ്റുകളിലൂടെയും റെയിൽവേ വൻ ലാഭമാണ് കൊയ്യുന്നത്. ഒരു സീറ്റ് രണ്ടുപേർ പങ്കിട്ട് ദുരിതയാത്ര ചെയ്യേണ്ടി വരുമ്പോഴും ഒരു സീറ്റിന്റെ മുഴുവൻ തുകയും ഓരോ യാത്രക്കാരനും നൽകണം. ഇത് വഴി ഒരു ബെർത്തിൽ നിന്ന് റെയിൽവെയ്ക്ക് ഇരട്ടി ലാഭമാണ് ലഭിക്കുന്നത്. എന്നാൽ എത്ര ആർ.എ.സി ടിക്കറ്റുകൾ വിറ്റുവെന്നോ അതിലെ വരുമാനമെത്രയെന്നോ റെയിൽവേ വ്യക്തമാക്കിയിട്ടില്ല. അതേസമയം, യാത്രക്കാരുടെ പരാതികൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ ആർ.എ.സി സംവിധാനം നിർത്തലാക്കാൻ റെയിൽവേ ആലോചിക്കുന്നതായി റിപ്പോർട്ടുകളുണ്ട്.

+ There are no comments

Add yours