ബെംഗളൂരു: ജോലിത്തിരക്കിനും അനാരോഗ്യകരമായ പുറത്തുനിന്നുള്ള ഭക്ഷണത്തിനും വിടപറഞ്ഞ്, ഐടി മേഖലയിലെ ജോലി ഉപേക്ഷിച്ച് സ്വന്തമായി ഭക്ഷണവിതരണ സംരംഭം തുടങ്ങിയ ദമ്പതികൾക്ക് വൻ വിജയം. ബെംഗളൂരുവിൽ ജോലി ചെയ്തിരുന്ന ദിയ കൃഷ്ണകുമാറും ആദിത്യ നടരാജനുമാണ് ‘വെൽഫെഡ്’ (Wellfed) എന്ന സംരംഭത്തിലൂടെ മികച്ച നേട്ടം കൈവരിച്ചത്. 2026 ജനുവരി മുതൽ സെപ്റ്റംബർ വരെയുള്ള ഒൻപത് മാസത്തിനിടെ 56 ലക്ഷം രൂപയാണ് ഇവരുടെ വരുമാനം.
വീട്ടിലുണ്ടാക്കുന്നതിന് സമാനമായ, പോഷകഗുണങ്ങളടങ്ങിയ ഭക്ഷണം ജനങ്ങൾക്ക് നൽകുക എന്ന ലക്ഷ്യത്തോടെ 2024 സെപ്റ്റംബറിലാണ് ഇവർ ജോലി ഉപേക്ഷിച്ച് ബിസിനസ് ആരംഭിച്ചത്. സ്വന്തം സമ്പാദ്യത്തിൽ നിന്നുള്ള 15 ലക്ഷം രൂപ നിക്ഷേപിച്ചായിരുന്നു തുടക്കം. പാചകക്കാരനും ഡെലിവറി ജീവനക്കാരനുമടക്കം ആറുപേരുള്ള ചെറിയ സംഘത്തിൽ, ഭക്ഷണത്തിന്റെ പോഷകഗുണം ഉറപ്പാക്കുന്നതിനായി ഒരു ന്യൂട്രീഷ്യനിസ്റ്റിനെയും ഉൾപ്പെടുത്തി. സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും ഭക്ഷണം നൽകി അഭിപ്രായം ശേഖരിച്ച ശേഷമാണ് ബിസിനസ് വിപുലമാക്കിയത്.
ദാൽ, പനീർ, ചിക്കൻ, ജോവർ റൊട്ടി, ബിരിയാണി തുടങ്ങിയവയ്ക്ക് പുറമെ ടോഫു, സോയ തുടങ്ങി പ്രോട്ടീൻ സമ്പന്നമായ ഒട്ടേറെ വിഭവങ്ങൾ ഇവരുടെ മെനുവിലുണ്ട്. സാധാരണ ഡിസ്പോസിബിൾ പാക്കേജിങ്ങിന് പകരം സ്റ്റീൽ ലൈനിങ്ങുള്ള പുനരുപയോഗിക്കാവുന്ന ഭക്ഷണപ്പാത്രങ്ങൾ ഉപയോഗിക്കുന്നുവെന്നതും ഈ സംരംഭത്തിന്റെ പ്രത്യേകതയാണ്.
ആദ്യ വർഷം 45 ലക്ഷം രൂപ വരുമാനം നേടിയ സ്ഥാപനം, ചുരുങ്ങിയ കാലം കൊണ്ട് 1,500-ലധികം ഉപഭോക്താക്കളിലേക്ക് എത്തിച്ചേരുകയും 55,000-ത്തിലധികം ഭക്ഷണപ്പൊതികൾ വിതരണം ചെയ്യുകയും ചെയ്തു. ബെംഗളൂരുവിൽ കൂടുതൽ പ്രദേശങ്ങളിലേക്ക് ഡെലിവറി വ്യാപിപ്പിക്കാനും ഹൈദരാബാദിലേക്ക് ബിസിനസ് വിപുലീകരിക്കാനുമാണ് ദമ്പതികളുടെ ഇപ്പോഴത്തെ ലക്ഷ്യം. ഐടി ജീവനക്കാർക്ക് പുറമെ കൂടുതൽ സാധാരണക്കാരിലേക്കും സേവനം എത്തിക്കാനുള്ള തയ്യാറെടുപ്പിലാണിവർ.




+ There are no comments
Add yours