എയർ ട്രാഫിക് കൺട്രോളിൽ സാങ്കേതിക തകരാർ; അമേരിക്കയിൽ നിർത്തിവെച്ച വിമാന സർവീസുകൾ പുനഃസ്ഥാപിച്ചു

Estimated read time 1 min read

വാഷിങ്ടൺ: അമേരിക്കയിലുടനീളം വ്യോമഗതാഗതം സ്തംഭിപ്പിച്ച സാങ്കേതിക തകരാർ പരിഹരിച്ചു. എയർ ട്രാഫിക് കൺട്രോൾ സംവിധാനത്തിലുണ്ടായ തകരാറിനെ തുടർന്ന് പ്രഖ്യാപിച്ചിരുന്ന അസാധാരണമായ ‘ഗ്രൗണ്ട് സ്റ്റോപ്പ്’ ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ (FAA) പിൻവലിച്ചതോടെ വിമാന സർവീസുകൾ സാധാരണ നിലയിലായി.

രാജ്യത്തുടനീളമുള്ള വിമാന സർവീസുകൾ കൈകാര്യം ചെയ്യുന്ന എയർ റൂട്ട് ട്രാഫിക് കൺട്രോൾ സെന്ററുകളിലെ ആശയവിനിമയ സംവിധാനം തകരാറിലായതിനെ തുടർന്നാണ് വിമാനങ്ങൾ അടിയന്തരമായി നിർത്തിവെക്കേണ്ടി വന്നത്. വിമാനത്താവളങ്ങളിൽ ആയിരക്കണക്കിന് യാത്രക്കാരാണ് ഇതുമൂലം കുടുങ്ങിയത്. പൈലറ്റുമാർക്ക് എയർ ട്രാഫിക് കൺട്രോൾ (ATC) ഉദ്യോഗസ്ഥരുമായി ബന്ധപ്പെടാൻ സഹായിക്കുന്ന റേഡിയോ സംവിധാനം ശരിയായി പ്രവർത്തിക്കാതെ വരുമ്പോഴാണ് ഇത്തരം ‘ഫ്രീക്വൻസി തടസ്സങ്ങൾ’ ഉണ്ടാകുന്നത്.

2023 ജനുവരിയിലാണ് ഇതിനുമുമ്പ് അവസാനമായി അമേരിക്കയിൽ രാജ്യവ്യാപകമായി ഗ്രൗണ്ട് സ്റ്റോപ്പ് പ്രഖ്യാപിച്ചത്. അന്ന് നോട്ടിഫിക്കേഷൻ സിസ്റ്റത്തിലായിരുന്നു തകരാർ കണ്ടെത്തിയത്. അതിനുമുമ്പ് 2001 സെപ്റ്റംബർ 11-ലെ ഭീകരാക്രമണ സമയത്തായിരുന്നു സമാനമായ രീതിയിൽ രാജ്യത്ത് വിമാന സർവീസുകൾ പൂർണ്ണമായും നിർത്തിവെച്ചത്.

+ There are no comments

Add yours