പഞ്ചാബിൽ കർമ്മഭൂമി എക്സ്പ്രസിന് തീപിടിച്ചു; നാല് കോച്ചുകൾ കത്തിനശിച്ചു, വൻ ദുരന്തം ഒഴിവായി

Estimated read time 0 min read

ചണ്ഡീഗഡ്: പഞ്ചാബിൽ ഓടിക്കൊണ്ടിരുന്ന യാത്രാ ട്രെയിനിന് തീപിടിച്ചു. അമൃത്സറിൽ നിന്ന് ന്യൂ ജൽപൈഗുരിയിലേക്ക് പോവുകയായിരുന്ന കർമ്മഭൂമി എക്സ്പ്രസിനാണ് (ട്രെയിൻ നമ്പർ 12508) തീപിടിച്ചത്. ട്രെയിനിന്റെ നാല് കോച്ചുകളിൽ തീപടർന്നെങ്കിലും സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നും ആളപായമില്ലെന്നും നോർത്തേൺ റെയിൽവേ അധികൃതർ വ്യക്തമാക്കി.

പഞ്ചാബിലെ രാജ്പുരയിൽ നിന്ന് 15 കിലോമീറ്റർ അകലെയുള്ള സരായ് ബഞ്ചാര, ബസന്ത്പുര റെയിൽവേ സ്റ്റേഷനുകൾക്ക് സമീപത്തുവെച്ചാണ് അപകടമുണ്ടായത്. ട്രെയിനിന്റെ എൻജിനിൽ നിന്നാണ് തീ പടർന്നതെന്നാണ് പ്രാഥമിക നിഗമനം. ഷോർട്ട് സർക്യൂട്ടാകാം തീപിടുത്തത്തിന് കാരണമെന്നാണ് ഉദ്യോഗസ്ഥർ സംശയിക്കുന്നത്. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.

വിവരമറിഞ്ഞ ഉടൻ തന്നെ റെയിൽവേ ഉദ്യോഗസ്ഥരും അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തി തീയണയ്ക്കാനുള്ള അടിയന്തര നടപടികൾ സ്വീകരിച്ചു. കോച്ചുകളിൽ നിന്ന് വലിയ തോതിൽ തീയും പുകയും ഉയരുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. തീപടർന്നയുടൻ യാത്രക്കാരെ സുരക്ഷിതമായി പുറത്തിറക്കാൻ സാധിച്ചതിനാൽ വലിയൊരു ദുരന്തമാണ് ഒഴിവായത്.

+ There are no comments

Add yours