തിരുവനന്തപുരം: കാലിക്കറ്റ് സർവകലാശാലാ പ്രോ-വൈസ് ചാൻസലർ (പ്രോ-വി.സി) നിയമനത്തിൽ സർവകലാശാലയോട് വിശദീകരണം തേടി ഉന്നതവിദ്യാഭ്യാസ വകുപ്പ്. സർക്കാരിന്റെ മുൻകൂർ അനുമതി വാങ്ങാതെ ഡോ. റഷീദ് അഹമ്മദിനെ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ പ്രോ-വി.സിയായി നിയമിച്ചതിലാണ് സർക്കാർ ഇടപെടൽ. നിയമനത്തിനെതിരെ മുസ്ലീം ലീഗ് രംഗത്തുവന്നതിന് പിന്നാലെയാണ് ഉന്നതവിദ്യാഭ്യാസ വകുപ്പ് സർവകലാശാലയ്ക്ക് ഔദ്യോഗികമായി കത്ത് നൽകിയത്.
സർക്കാർ അനുമതിയില്ലാതെ നിയമനം നടത്തിയതിന്റെ സാഹചര്യവും കാരണങ്ങളും വ്യക്തമാക്കി അടിയന്തരമായി റിപ്പോർട്ട് നൽകാൻ സർവകലാശാലയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനുപുറമെ, റഷീദ് അഹമ്മദ് പ്രൊഫസറായി ജോലി ചെയ്യുന്ന കരുവാരക്കുണ്ട് കെ.ടി.എം കോളേജിനോടും ഉന്നതവിദ്യാഭ്യാസ വകുപ്പ് വിശദീകരണം തേടി. ഏത് വ്യവസ്ഥയുടെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തെ പ്രോ-വി.സി സ്ഥാനത്തേക്ക് പോകാനായി കോളേജിൽ നിന്ന് വിടുതൽ (റിലീവ്) ചെയ്തതെന്നാണ് പ്രധാന ചോദ്യം.
സർവകലാശാലാ വൈസ് ചാൻസലർ തന്റെ വ്യക്തിതാൽപ്പര്യപ്രകാരമാണ് ഈ നിയമനം നടത്തിയതെന്നാണ് മുസ്ലീം ലീഗ് ഉന്നയിക്കുന്ന പ്രധാന ആക്ഷേപം. ഡോ. റഷീദ് അഹമ്മദ് മുസ്ലീം ലീഗ് നേതാവാണെങ്കിലും, ഫിസിക്കൽ എജ്യുക്കേഷൻ ഡയറക്ടർ സക്കീർ ഹുസൈനെയായിരുന്നു പ്രോ-വി.സി സ്ഥാനത്തേക്ക് പാർട്ടി നോമിനിയായി നിർദ്ദേശിച്ചിരുന്നത്. എന്നാൽ പാർട്ടിയുടെ ഈ ഔദ്യോഗിക നിർദ്ദേശം മറികടന്നാണ് വി.സി ഡോ. റഷീദ് അഹമ്മദിനെ നിയമിച്ചതെന്നാണ് വിവാദങ്ങൾക്ക് കാരണം.




+ There are no comments
Add yours