വിവാദങ്ങൾക്ക് പിന്നാലെ നടപടി; ക്ലിഫ് ഹൗസിലെ ഒരു കോടി രൂപയുടെ അറ്റകുറ്റപ്പണിക്ക് നൽകിയ ഉത്തരവ് റദ്ദാക്കി

Estimated read time 1 min read

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ ഒരു കോടി രൂപ ചെലവിൽ അറ്റകുറ്റപ്പണികൾ നടത്തുന്നതിന് പൊതുമരാമത്ത് വകുപ്പ് നൽകിയ അനുമതി റദ്ദാക്കി. അറ്റകുറ്റപ്പണിക്കായി ഉത്തരവിറക്കിയതുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളിൽ മുഖ്യമന്ത്രി കടുത്ത അതൃപ്തി രേഖപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഉത്തരവ് പിൻവലിച്ചത്. സംഭവത്തിൽ പൊതുമരാമത്ത് സെക്രട്ടറിയോട് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം റിപ്പോർട്ടും തേടിയിട്ടുണ്ട്.

സർക്കാർ അധികാരത്തിൽ എത്തിയ സമയത്ത് തന്നെ ക്ലിഫ് ഹൗസിൽ അനാവശ്യ മോടിപിടിപ്പിക്കലുകളോ മറ്റ് നിർമ്മാണ പ്രവർത്തനങ്ങളോ പാടില്ലെന്ന് മുഖ്യമന്ത്രി കർശന നിർദ്ദേശം നൽകിയിരുന്നു. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് തയ്യാറാക്കിയ എസ്റ്റിമേറ്റ് പ്രകാരമുള്ള യാതൊരു പണികളും നടത്തേണ്ടതില്ലെന്നും, അത്യാവശ്യമായ നവീകരണ പ്രവർത്തനങ്ങൾ മാത്രം മതിയെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ നിലപാട്.

എന്നാൽ 2022-ൽ തയ്യാറാക്കിയ സേഫ്റ്റി ഓഡിറ്റിന്റെ ഭാഗമായാണ് ഇപ്പോഴത്തെ ഈ ഉത്തരവ് ഇറങ്ങിയതെന്നാണ് പൊതുമരാമത്ത് വകുപ്പ് നൽകുന്ന വിശദീകരണം. മുഖ്യമന്ത്രിയുടെ നിർദ്ദേശങ്ങൾ മറികടന്ന് ഇത്തരമൊരു ഉത്തരവ് എങ്ങനെ പുറത്തിറങ്ങി എന്നതിലാണ് പൊതുമരാമത്ത് സെക്രട്ടറിയോട് വിശദീകരണം ആവശ്യപ്പെട്ടിരിക്കുന്നത്.

+ There are no comments

Add yours