‘സസ്പെൻസില്ല, എന്റെ ജിം ട്രെയിനറാണ് വരൻ’; വിവാഹവിശേഷങ്ങൾ പങ്കുവെച്ച് റിമി ടോമി, മുൻ ഭർത്താവിനെ വെറുതെ വിടണമെന്നും അഭ്യർത്ഥന

Estimated read time 1 min read

കൊച്ചി: വിവാഹവാർത്ത പുറത്തുവന്നതിന് പിന്നാലെ വരൻ ആരാണെന്ന ആരാധകരുടെ ചോദ്യങ്ങൾക്ക് വിരാമമിട്ട് പ്രിയഗായിക റിമി ടോമി. യാതൊരു സസ്പെൻസും വയ്ക്കാതെ തന്റെ പുതിയ യൂട്യൂബ് വ്ലോഗിലൂടെയാണ് താരം വരനെ പരിചയപ്പെടുത്തിയത്. തന്റെ ജിം ട്രെയിനറും ബോഡി ബിൽഡറുമായ ലിബിൻ മാത്യുവാണ് വരനെന്ന് റിമി വീഡിയോയിൽ വെളിപ്പെടുത്തി.

മുംബൈ മലയാളിയായ ലിബിനുമായുള്ള വിവാഹം നവംബറിൽ മുംബൈയിലെ ഡോംബിവല്ലിയിൽ വെച്ചായിരിക്കും നടക്കുക. വിവാഹക്ഷണക്കത്തും റിമി ആരാധകർക്കായി വീഡിയോയിൽ പങ്കുവെച്ചു. കഴിഞ്ഞ മാർച്ച് പത്തിനാണ് ഇരുവരും ആദ്യമായി ഫോണിലൂടെ സംസാരിച്ചത്. ഫോൺ സംഭാഷണത്തിലൂടെ തന്നെ പരസ്പരം ഇഷ്ടമായെന്നും, മാർച്ച് 14-ന് ആദ്യമായി നേരിൽ കാണുന്നതിന് മുൻപ് തന്നെ വിവാഹം കഴിക്കാമെന്ന തീരുമാനത്തിലേക്ക് ഇരുവരും എത്തിയിരുന്നതായും റിമി പറഞ്ഞു.

അതേസമയം, തന്റെ പുതിയ വിവാഹവാർത്തയുമായി ബന്ധപ്പെട്ട് മുൻ ഭർത്താവിന്റെ ചിത്രങ്ങൾ ഉപയോഗിച്ച് സമൂഹമാധ്യമങ്ങളിൽ പോസ്റ്റുകൾ പ്രചരിക്കുന്നതിനെതിരെ റിമി പ്രതികരിച്ചു. തന്നേക്കാൾ നല്ലൊരു ജീവിതപങ്കാളിയോടൊപ്പം വളരെ സന്തോഷത്തോടെ ജീവിക്കുന്ന അദ്ദേഹത്തെ ഇതിലേക്ക് വലിച്ചിഴക്കരുതെന്നും വെറുതെ വിടണമെന്നും റിമി അഭ്യർത്ഥിച്ചു. ഈ സന്തോഷവേളയിൽ അദ്ദേഹത്തിന്റെ ഫോട്ടോ വെച്ച് അനാവശ്യ കാര്യങ്ങൾ പറയുന്നത് കാണുമ്പോൾ തനിക്ക് അതിയായ സങ്കടമുണ്ടെന്നും താരം വ്യക്തമാക്കി.

+ There are no comments

Add yours