കുളപ്പുള്ളി അപ്പൻ മുതൽ ദേവദത്തൻ ചെമ്മാതിരിപ്പാട് വരെ; അഭിനയകലയുടെ പെരുന്തച്ചൻ നരേന്ദ്രപ്രസാദ് ഓർമ്മയായിട്ട് 23 വർഷം

Estimated read time 1 min read

മലയാള സിനിമയിലെ പകരം വെക്കാനില്ലാത്ത പ്രതിഭ ആർ. നരേന്ദ്രപ്രസാദ് വിടവാങ്ങിയിട്ട് ഇന്നേക്ക് 23 വർഷം പൂർത്തിയാകുന്നു. കേവലം ഒരു ചലച്ചിത്ര നടൻ എന്നതിലുപരി അധ്യാപകൻ, നാടകകൃത്ത്, നാടക സംവിധായകൻ, സാഹിത്യ നിരൂപകൻ എന്നീ നിലകളിലെല്ലാം മൂന്നരപ്പതിറ്റാണ്ടോളം കേരളത്തിന്റെ സാംസ്കാരിക മണ്ഡലത്തിൽ നിറഞ്ഞുനിന്ന ബഹുമുഖ പ്രതിഭയായിരുന്നു അദ്ദേഹം.

കോളേജ് അധ്യാപകനായി സേവനമനുഷ്ഠിക്കുന്ന കാലത്ത്, എൺപതുകളിലാണ് നരേന്ദ്രപ്രസാദ് നാടകരംഗത്ത് സജീവമാകുന്നത്. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ആരംഭിച്ച ‘നാട്യഗൃഹം’ എന്ന നാടകവേദി മലയാള നാടക സങ്കൽപ്പങ്ങളെത്തന്നെ തിരുത്തിയെഴുതി. 1981-ൽ നാട്യഗൃഹം അവതരിപ്പിച്ച ‘സൗപർണിക’ ആധുനിക നാടകവേദിയിലെ വലിയൊരു നാഴികക്കല്ലായിരുന്നു. കവിതകളെ നാടകരൂപത്തിൽ അവതരിപ്പിക്കുന്ന ‘ചൊൽക്കാഴ്ച’ (പോയട്രി തിയറ്റർ) എന്ന പുതിയ ശൈലി മലയാളത്തിന് സമ്മാനിച്ചതും നാട്യഗൃഹമാണ്.

1989-ൽ പുറത്തിറങ്ങിയ ‘അസ്ഥികൾ പൂക്കുന്നു’ എന്ന ചിത്രത്തിലൂടെയായിരുന്നു നരേന്ദ്രപ്രസാദിന്റെ സിനിമാ പ്രവേശനം. പിന്നീട് നായകനെ വെല്ലുന്ന കരുത്തുറ്റ വില്ലനായും, വാത്സല്യനിധിയായ അച്ഛനായും, കുശാഗ്രബുദ്ധിയായ രാഷ്ട്രീയക്കാരനായുമെല്ലാം അദ്ദേഹം സ്ക്രീനിൽ പകർന്നാടി. ഗൗരവമുള്ള വേഷങ്ങൾക്കൊപ്പം നർമ്മരസപ്രധാനമായ കഥാപാത്രങ്ങളും തനിക്ക് അനായാസം വഴങ്ങുമെന്ന് അദ്ദേഹം തെളിയിച്ചു.

‘ആറാം തമ്പുരാനി’ലെ കുളപ്പുള്ളി അപ്പൻ, ‘ഏകലവ്യനി’ലെ സ്വാമി അമൂർത്താനന്ദ, ‘തലസ്ഥാന’ത്തെ പരമേശ്വരൻ, ‘മേലേപ്പറമ്പിൽ ആൺവീട്ടി’ലെ ത്രിവിക്രമൻ പിള്ള, ‘ആലഞ്ചേരി തമ്പ്രാക്കളിലെ’ ചന്ദ്രപ്പൻ ഗുരുക്കൾ, ‘പൈതൃക’ത്തിലെ ദേവദത്തൻ ചെമ്മാതിരിപ്പാട് എന്നിവ അദ്ദേഹം അനശ്വരമാക്കിയ വേഷങ്ങളിൽ ചിലത് മാത്രമാണ്. ‘പൈതൃക’ത്തിലെ പ്രകടനത്തിന് മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്കാരവും അദ്ദേഹം നേടി. 14 വർഷം മാത്രം നീണ്ട സിനിമാ ജീവിതത്തിൽ 120-ലധികം ചിത്രങ്ങളിലാണ് ഈ അഭിനയ പ്രതിഭ വേഷമിട്ടത്.

+ There are no comments

Add yours