തിരുവനന്തപുരം: യു.ഡി.എഫ് സർക്കാർ അധികാരത്തിലേറിയതിന് പിന്നാലെ സംസ്ഥാനത്ത് പുതിയ ബാറുകൾക്ക് ലൈസൻസ് അനുവദിച്ചതിന്റെ ഉത്തരവ് പുറത്ത്. നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ ഡൊമസ്റ്റിക് ലോഞ്ചിൽ രണ്ട് ബാറുകൾക്കാണ് പുതിയതായി അനുമതി നൽകിയിരിക്കുന്നത്. ‘ട്രാവൽ ഫുഡ് സർവീസസ് ലിമിറ്റഡ്’ എന്ന കമ്പനിക്കാണ് വിമാനത്താവളത്തിലെ ലോഞ്ച് ബാറിനുള്ള എഫ്.എൽ 7 (FL 7) ലൈസൻസ് അനുവദിച്ചത്. ഈ വർഷം ജൂൺ 22-ന് എക്സൈസ് കമ്മീഷണർ ശ്രീറാം സാംബശിവ റാവു ഇറക്കിയ ഉത്തരവ് വിവാദമായതോടെ, സംഭവത്തിൽ കമ്മീഷണറോട് എക്സൈസ് മന്ത്രി എം. ലിജു അടിയന്തര റിപ്പോർട്ട് തേടി.
വകുപ്പുമന്ത്രി പോലുമറിയാതെ ലൈസൻസ് അനുവദിച്ചതിൽ മന്ത്രിക്ക് കടുത്ത അതൃപ്തിയുണ്ട്. ഇതിനുപുറമെ, എറണാകുളത്തും കോട്ടയത്തും ബാർ ലൈസൻസ് തരംമാറ്റി നൽകിയ സംഭവത്തിൽ അടുത്തിടെ സസ്പെൻഷനിലായ രണ്ട് ഉദ്യോഗസ്ഥരെ എക്സൈസ് കമ്മീഷണർ ന്യായീകരിച്ചതും മന്ത്രിയുടെ നീരസത്തിന് കാരണമായിട്ടുണ്ട്. ഈ സാഹചര്യത്തിൽ എക്സൈസ് കമ്മീഷണറെ തൽസ്ഥാനത്ത് നിന്ന് മാറ്റണമെന്ന നിലപാടിലേക്ക് മന്ത്രി എത്തിയേക്കുമെന്നാണ് സൂചന.
പുതിയ ബാറുകൾക്ക് ലൈസൻസ് നൽകുന്നതുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥർക്ക് മന്ത്രി കഴിഞ്ഞ ദിവസം കർശന മുന്നറിയിപ്പ് നൽകിയിരുന്നു. ചട്ടങ്ങൾ അനുകൂലമാണെന്ന കാരണത്താൽ മാത്രം ലൈസൻസ് അനുവദിക്കാനാകില്ലെന്നും, സർക്കാരിന്റെ നയം അട്ടിമറിക്കാൻ ആരെയും അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ലൈസൻസ് ഇടപാടുകളിലൂടെ സാമ്പത്തിക നേട്ടമുണ്ടാക്കിയ ഉദ്യോഗസ്ഥർക്കെതിരെ വിജിലൻസ് അന്വേഷണം വരുമെന്നും മന്ത്രി ഇന്നലെ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.




+ There are no comments
Add yours