എട്ടുപേർക്ക് പുതുജീവനേകി രുദ്രേഷിന്റെ മടക്കം; മസ്തിഷ്ക മരണം സംഭവിച്ച 17-കാരന്റെ ഹൃദയം എയർ ആംബുലൻസിൽ കൊച്ചിയിലെത്തിക്കും

Estimated read time 1 min read

തിരുവനന്തപുരം: ബൈക്കപകടത്തിൽ മസ്തിഷ്ക മരണം സംഭവിച്ച പതിനേഴുകാരന്റെ അവയവങ്ങൾ എട്ടുപേർക്ക് പുതുജീവനേകും. തിരുവനന്തപുരം കരമന സ്വദേശിയും പ്ലസ്ടു വിദ്യാർത്ഥിയുമായ രുദ്രേഷ് എസ്.ആറിന്റെ ഹൃദയമുൾപ്പെടെയുള്ള അവയവങ്ങളാണ് ദാനം ചെയ്യുന്നത്. തിരുവനന്തപുരം പി.ആർ.എസ് ആശുപത്രിയിൽ നിന്ന് എയർ ആംബുലൻസ് വഴി എറണാകുളം ലിസി ആശുപത്രിയിലാണ് ഹൃദയം എത്തിക്കുന്നത്. രാവിലെ ഒമ്പത് മണിയോടെ ഹൃദയവുമായി ഹെലികോപ്റ്റർ കൊച്ചിയിലേക്ക് തിരിക്കും. ലിസി ആശുപത്രിയിൽ ചികിത്സയിലുള്ള 43-കാരനാണ് ഹൃദയം വച്ചുപിടിപ്പിക്കുന്നത്.

കഴിഞ്ഞ തിങ്കളാഴ്ച രാത്രി പതിനൊന്ന് മണിയോടെ കരമന കിള്ളിപ്പാലത്തുവച്ചുണ്ടായ വാഹനാപകടത്തിലാണ് രുദ്രേഷിന് ഗുരുതരമായി പരിക്കേറ്റത്. സുഹൃത്ത് ഓടിച്ചിരുന്ന ബൈക്കിന് കുറുകെ നായ ചാടിയതിനെ തുടർന്ന് വാഹനം നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇന്നലെ മസ്തിഷ്ക മരണം സ്ഥിരീകരിച്ചു. സുരേഷ് ബി – രമ്യാദേവി ദമ്പതികളുടെ മകനാണ് രുദ്രേഷ്. മകന്റെ വിയോഗത്തിന്റെ തീവ്രദുഃഖത്തിനിടയിലും അവയവങ്ങൾ ദാനം ചെയ്യാൻ മാതാപിതാക്കൾ തീരുമാനിക്കുകയായിരുന്നു.

രുദ്രേഷിന്റെ ഹൃദയത്തിന് പുറമെ മറ്റ് ഏഴ് അവയവങ്ങൾ കൂടി ദാനം ചെയ്യുന്നുണ്ട്. ഒരു വൃക്ക തിരുവനന്തപുരം മെഡിക്കൽ കോളേജിനും, രണ്ടാമത്തെ വൃക്ക, കരൾ, പാൻക്രിയാസ് എന്നിവ കിംസ് ആശുപത്രിയിലെ രോഗികൾക്കുമാണ് നൽകുന്നത്. നേത്രപടലങ്ങൾ തിരുവനന്തപുരം കണ്ണാശുപത്രിക്ക് കൈമാറും.

+ There are no comments

Add yours