മന്ത്രിയറിയാതെ ബാർ ലൈസൻസ് അനുവദിച്ച സംഭവം; ഉദ്യോഗസ്ഥരുടെ സാമ്പത്തിക ഇടപാടുകളിൽ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് സർക്കാർ

Estimated read time 1 min read

തിരുവനന്തപുരം: മന്ത്രി അറിയാതെ പുതിയ ബാറുകൾക്ക് ലൈസൻസ് അനുവദിച്ച സംഭവത്തിൽ രണ്ട് എക്സൈസ് ഉദ്യോഗസ്ഥർക്കെതിരെ വിജിലൻസ് അന്വേഷണത്തിന് സർക്കാർ ഉത്തരവിട്ടു. ബിയർ ആൻഡ് വൈൻ പാർലറുകളുടെ ലൈസൻസ് തരംമാറ്റി ബാർ ലൈസൻസായി നൽകിയതിന് പിന്നിൽ വൻ സാമ്പത്തിക ഇടപാടുകൾ നടന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം. ഉദ്യോഗസ്ഥർ മുൻപും സമാനമായ രീതിയിൽ അഴിമതി നടത്തിയിട്ടുണ്ടോ എന്ന് വിജിലൻസ് സംഘം പരിശോധിക്കും.

അപേക്ഷ ലഭിച്ച് വെറും 24 മണിക്കൂറിനുള്ളിലാണ് ഉദ്യോഗസ്ഥർ ബാറുകൾക്ക് ലൈസൻസ് അനുവദിച്ചിരിക്കുന്നത്. ജൂൺ 23-ന് അപേക്ഷ ലഭിച്ച മൂവാറ്റുപുഴയിലെ ഒരു ബാറിന് 24-ന് തന്നെ ലൈസൻസ് നൽകി. സംഭവത്തിൽ എറണാകുളം ഡെപ്യൂട്ടി കമ്മീഷണർ പി.കെ. സതീഷ്, കോട്ടയത്തിന്റെ ചുമതലയുള്ള പത്തനംതിട്ട ഡെപ്യൂട്ടി കമ്മീഷണർ ഷിബു പി.എൽ എന്നിവരെ സർക്കാർ സസ്‌പെൻഡ് ചെയ്തിട്ടുണ്ട്. യു.ഡി.എഫ് സർക്കാരിന്റെ പുതിയ മദ്യനയം പ്രഖ്യാപിക്കുന്നതിന് മുൻപ് ബാറുകൾക്ക് അനുമതി നൽകരുതെന്ന കർശന നിർദ്ദേശം നിലനിൽക്കെയാണ് ഉദ്യോഗസ്ഥർ അവിഹിതമായി ലൈസൻസ് നൽകിയത്.

മന്ത്രി അറിയാതെ തീരുമാനങ്ങളെടുക്കുന്ന രീതി വെച്ചുപൊറുപ്പിക്കില്ലെന്നും അത് തിരുത്തുമെന്നും എക്‌സൈസ് മന്ത്രി എം. ലിജു വ്യക്തമാക്കി. സർക്കാർ നയങ്ങൾക്ക് വിധേയമായി മാത്രമേ ഇനി എക്സൈസ് വകുപ്പിൽ തീരുമാനങ്ങൾ ഉണ്ടാകൂ എന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. വീര്യം കൂടിയ വൈനിന് അനുമതി നൽകിയതുമായി ബന്ധപ്പെട്ട വിവാദം കെട്ടടങ്ങുന്നതിന് പിന്നാലെയാണ് പുതിയ ബാർ ലൈസൻസ് വിവാദവും ഉണ്ടാകുന്നത്. വൈൻ വിവാദത്തിൽ ചാലക്കുടിയിലെ ഒരു ബേക്കറിക്ക് ലൈസൻസ് നൽകിയ ഉദ്യോഗസ്ഥനെയും വകുപ്പ് നേരത്തെ ചുമതലകളിൽ നിന്ന് മാറ്റിനിർത്തിയിരുന്നു.

+ There are no comments

Add yours