സെക്രട്ടേറിയറ്റ് മാർച്ച്: എൽ.പി.എസ്.ടി റാങ്ക് ഹോൾഡർമാർക്കെതിരെ കേസെടുത്ത് പോലീസ്; വളർമതി ഒന്നാം പ്രതി

Estimated read time 1 min read

തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിൽ സമരം നടത്തുന്ന എൽ.പി.എസ്.ടി (LPST) റാങ്ക് ഹോൾഡർമാർക്കെതിരെ പോലീസ് കേസെടുത്തു. സെക്രട്ടേറിയറ്റ് മെയിൻ ഗേറ്റിന് മുന്നിലേക്ക് പ്രതിഷേധ ജാഥ നടത്തിയതിനാണ് തിരുവനന്തപുരം കണ്ടോൺമെന്റ് പോലീസ് കേസെടുത്തിരിക്കുന്നത്. സമരസമിതി സെക്രട്ടറിയും പ്രധാന നേതാവുമായ വളർമതിയാണ് കേസിലെ ഒന്നാം പ്രതി. ഇവർക്ക് പുറമെ തിരിച്ചറിഞ്ഞ എട്ടുപേർക്കെതിരെയും കണ്ടാലറിയാവുന്ന മറ്റ് 50 പേർക്കെതിരെയും കേസെടുത്തിട്ടുണ്ട്.

അധ്യാപക നിയമനവുമായി ബന്ധപ്പെട്ട ആവശ്യങ്ങൾ ഉന്നയിച്ച് കഴിഞ്ഞ 116 ദിവസമായി ഉദ്യോഗാർത്ഥികൾ സെക്രട്ടേറിയറ്റിന് മുന്നിൽ സമരത്തിലാണ്. വിഷയത്തിൽ പഠനം നടത്താൻ സർക്കാർ 45 ദിവസം സമയം ചോദിച്ചിരുന്നെങ്കിലും അനുകൂല നടപടിയുണ്ടാകാത്തതിനെത്തുടർന്ന് വളർമതി രണ്ടാം തവണയും നിരാഹാര സമരം ആരംഭിച്ചിരുന്നു. സർക്കാർ നടപടികളിൽ പ്രതിഷേധിച്ച് ശക്തമായ സമരവുമായി മുന്നോട്ട് പോകാനാണ് ഉദ്യോഗാർത്ഥികളുടെ തീരുമാനം.

സർക്കാർ തങ്ങളെ കബളിപ്പിക്കുകയാണെന്നും ഇനി അധികാരികളെ കണ്ണടച്ച് വിശ്വസിക്കില്ലെന്നും കഴിഞ്ഞ ദിവസം വളർമതി വ്യക്തമാക്കിയിരുന്നു. സംസ്ഥാനത്ത് ഡിവിഷൻ ഫോൾ കാരണം എത്ര അധ്യാപകർ പുറത്തുനിൽക്കുന്നുണ്ടെന്നതിനോ, വിരമിക്കൽ സംബന്ധിച്ചോ സർക്കാരിന്റെ പക്കൽ കൃത്യമായ കണക്കുകളില്ല. നിയമസഭയിൽ ഉയർന്ന ചോദ്യങ്ങൾക്ക് പോലും വ്യക്തമായ മറുപടി നൽകാൻ വിദ്യാഭ്യാസ മന്ത്രിക്ക് കഴിഞ്ഞിട്ടില്ല. തങ്ങളുടെ പക്കൽ ഏകദേശ കണക്കുകളുണ്ടെന്നും, സർക്കാരിന്റെ പക്കൽ കൃത്യമായ വിവരങ്ങളുണ്ടെങ്കിൽ അത് പുറത്തുവിടാൻ തയ്യാറാകണമെന്നും സമരസമിതി വെല്ലുവിളിച്ചു.

+ There are no comments

Add yours