സഹോദരിയെ ആക്രമിക്കുന്നത് തടയാൻ ശ്രമിച്ചു; പാലക്കാട് 16-കാരന്റെ കുത്തേറ്റ് മുത്തച്ഛന് ദാരുണാന്ത്യം

Estimated read time 1 min read

പാലക്കാട്: പത്ത് വയസ്സുകാരിയായ കൊച്ചുമകളെ ആക്രമണത്തിൽ നിന്ന് രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ പതിനാറുകാരന്റെ കുത്തേറ്റ് മുത്തച്ഛൻ മരിച്ചു. കാവശ്ശേരി വാഴക്കച്ചിറ സ്വദേശി സുലൈമാൻ (65) ആണ് ദാരുണമായി കൊല്ലപ്പെട്ടത്. സുലൈമാന്റെ മകളുടെ മകനാണ് അക്രമം നടത്തിയ 16-കാരൻ.

കഴിഞ്ഞ 19-ന് വൈകിട്ട് ഏഴുമണിയോടെ കാവശ്ശേരിയിലെ വീട്ടിലായിരുന്നു നാടിനെ നടുക്കിയ സംഭവം. 16-കാരൻ തന്റെ പത്ത് വയസ്സുകാരിയായ സഹോദരിയുമായി തർക്കമുണ്ടാകുകയും പ്രകോപിതനായി അവളെ കത്തികൊണ്ട് കുത്താൻ ശ്രമിക്കുകയും ചെയ്തു. ഇത് തടയാനും പെൺകുട്ടിയെ രക്ഷിക്കാനും ശ്രമിക്കുന്നതിനിടെയാണ് മുത്തച്ഛനായ സുലൈമാന് കുത്തേറ്റത്. അദ്ദേഹത്തിന്റെ നെഞ്ചിലും കഴുത്തിലും വയറിലുമാണ് ഗുരുതരമായി പരിക്കേറ്റത്.

പരിക്കേറ്റ സുലൈമാനെയും പത്ത് വയസ്സുകാരിയെയും ഉടൻ തന്നെ ആലത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ സുലൈമാന്റെ നില അതീവ ഗുരുതരമായതിനാൽ പിന്നീട് തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇവിടെ ചികിത്സയിൽ കഴിയവേ ഇന്നലെ രാത്രിയോടെയാണ് അദ്ദേഹം മരണത്തിന് കീഴടങ്ങിയത്. അക്രമത്തിൽ പരിക്കേറ്റ പെൺകുട്ടി നിലവിൽ അപകടനില തരണം ചെയ്തിട്ടുണ്ട്.

സംഭവത്തിന് ശേഷം വീട്ടിൽ നിന്നും ഒളിവിൽ പോയ 16-കാരനെ പിന്നീട് പോലീസ് പിടികൂടി. പ്രായപൂർത്തിയാകാത്ത പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം ജുവനൈൽ ഹോമിലേക്ക് മാറ്റി.

+ There are no comments

Add yours