‘അന്ന് സിനിമയിൽ മോഹൻലാലില്ലെങ്കിൽ അനൂപ് പിണങ്ങുമായിരുന്നു’; മകന്റെ പുതിയ ചിത്രത്തിന്റെ പൂജാ വേളയിൽ ഓർമ്മകൾ പങ്കുവെച്ച് സത്യൻ അന്തിക്കാട്

Estimated read time 1 min read

നടൻ മോഹൻലാലും മകൻ അനൂപ് സത്യനും ആദ്യമായി ഒന്നിക്കുന്ന ‘എൽ 368’ (L 368) എന്ന ചിത്രത്തിന്റെ പൂജാ ചടങ്ങിൽ മോഹൻലാലുമായുള്ള ഓർമ്മകൾ പങ്കുവെച്ച് സംവിധായകൻ സത്യൻ അന്തിക്കാട്. മോഹൻലാലിനെ നായകനാക്കി ഇരുപതോളം സിനിമകൾ ചെയ്യാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ടെന്ന് വ്യക്തമാക്കിയ അദ്ദേഹം, മകൻ അനൂപിന്റെ കുട്ടിക്കാലത്തെ കടുത്ത മോഹൻലാൽ ആരാധനയെക്കുറിച്ചുള്ള രസകരമായ അനുഭവങ്ങളും വേദിയിൽ പങ്കുവെച്ചു.

സ്കൂളിൽ പഠിക്കുന്ന കാലം മുതലേ അനൂപ് വലിയൊരു മോഹൻലാൽ ആരാധകനായിരുന്നു. താനും മോഹൻലാലും ഒന്നിച്ച് സിനിമകൾ ചെയ്യാതിരുന്ന ഒരു കാലഘട്ടമുണ്ടായിരുന്നു. അന്ന് സ്കൂളിൽ പോകുന്ന സമയത്ത്, അച്ഛന്റെ അടുത്ത സിനിമയിൽ മോഹൻലാൽ ഉണ്ടോ എന്നായിരുന്നു അനൂപ് സ്ഥിരമായി ചോദിച്ചിരുന്നത്. ഇല്ല എന്ന് പറഞ്ഞാൽ അവൻ രണ്ടുദിവസത്തോളം തന്നോട് മിണ്ടാതിരിക്കുമായിരുന്നുവെന്ന് സത്യൻ അന്തിക്കാട് ഓർത്തെടുത്തു. മഴവിൽക്കാവടി, പൊന്മുട്ടയിടുന്ന താറാവ്, സന്ദേശം തുടങ്ങിയ ജനപ്രിയ സിനിമകൾ ചെയ്യുന്ന സമയത്തുപോലും മോഹൻലാൽ ഉണ്ടോ എന്ന് മാത്രമായിരുന്നു അനൂപിന്റെ ചോദ്യം. ഒരിക്കൽ കുഞ്ഞുനാളിൽ വീട്ടിൽ നിന്ന് പിണങ്ങിയിറങ്ങിയപ്പോൾ എങ്ങോട്ടാണ് പോകുന്നതെന്ന് ചോദിച്ചപ്പോൾ, മോഹൻലാലിന്റെ വീട്ടിലേക്ക് എന്നായിരുന്നു അനൂപിന്റെ മറുപടിയെന്നും അദ്ദേഹം പറഞ്ഞു.

അത്രയും വലിയൊരു ആരാധകൻ ഇന്ന് മോഹൻലാലിനെത്തന്നെ നായകനാക്കി സിനിമ സംവിധാനം ചെയ്യുന്നു എന്നത് ഒരച്ഛനെന്ന നിലയിൽ ഏറെ സന്തോഷം നൽകുന്ന കാര്യമാണ്. ക്യാമറയ്ക്ക് മുന്നിൽ മോഹൻലാലിനെ നിർത്തിയിട്ട് തനിക്ക് ഇതുവരെ കൊതി തീർന്നിട്ടില്ലെന്ന് പറഞ്ഞ സത്യൻ അന്തിക്കാട്, തന്റെ അടുത്ത സിനിമയും മോഹൻലാലിനൊപ്പമായിരിക്കുമെന്നും ചടങ്ങിൽ പ്രഖ്യാപിച്ചു.

+ There are no comments

Add yours