കൊച്ചി: ചേരാനല്ലൂരിൽ ബെൻസ് കാറിടിച്ച് മരിച്ച ജയബാലകൃഷ്ണന്റെ വീട് സന്ദർശിച്ച് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. കുടുംബത്തിന് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച മന്ത്രി, കേസിൽ അവർ ആവശ്യപ്പെടുന്നയാളെ തന്നെ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിക്കുമെന്ന് ഉറപ്പുനൽകി.
കൂടിക്കാഴ്ചയിൽ ജയബാലകൃഷ്ണന്റെ മകൾ ഭദ്രകീർത്തിയെ മന്ത്രി ചേർത്തുപിടിച്ച് ആശ്വസിപ്പിച്ചു. ഭദ്രകീർത്തി തനിക്ക് സ്വന്തം മകളെപ്പോലെയാണെന്നും കേസ് ശരിയായ ദിശയിലാണ് മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും നൽകിയ ഉറപ്പുകളിൽ പൂർണ്ണ വിശ്വാസമുണ്ടെന്ന് ഭദ്രകീർത്തിയും പ്രതികരിച്ചു. നീതിയും നിയമവും എല്ലാവർക്കും ഒരുപോലെയാണെന്നും, സർക്കാരും സമൂഹവും ഈ കുടുംബത്തിനൊപ്പം തന്നെ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. കേസിന്റെ അപ്പീലുമായി ബന്ധപ്പെട്ട് പ്രോസിക്യൂഷന്റെ ഭാഗത്തുനിന്നുണ്ടായ പിഴവുകൾ ഗുരുതരമല്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ലഹരി ഉപയോഗിച്ച് വാഹനമോടിക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് മന്ത്രി മുന്നറിയിപ്പ് നൽകി. ഇതിനായുള്ള പോലീസ് പരിശോധനകളിൽ ആരും പരാതി പറയരുതെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. ട്രാഫിക് അപകടങ്ങളുമായി ബന്ധപ്പെട്ട നിലവിലെ നിയമങ്ങൾ പര്യാപ്തമല്ലെന്നും പല പോരായ്മകളുമുണ്ടെന്നും വ്യാപകമായി പരാതിയുണ്ട്. ഈ സാഹചര്യത്തിൽ ആവശ്യമായ നിയമപരിഷ്കാരങ്ങൾ കൊണ്ടുവരുന്ന കാര്യം സർക്കാർ ഗൗരവമായി ആലോചിച്ച് തീരുമാനിക്കുമെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.




+ There are no comments
Add yours