എറണാകുളം: ചേരാനല്ലൂരിൽ പ്രായപൂർത്തിയാകാത്ത കുട്ടി വാഹനമോടിച്ച് മധ്യവയസ്കൻ മരിച്ച കേസിൽ, ഇരയായ ജയബാലകൃഷ്ണന്റെ വീട് സന്ദർശിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ. കുടുംബാംഗങ്ങളെ നേരിൽ കണ്ട് അദ്ദേഹം ആശ്വാസവാക്കുകൾ പങ്കുവെച്ചു. തങ്ങളുടെ ആവശ്യങ്ങളും ആശങ്കകളും മുഖ്യമന്ത്രിയെ അറിയിച്ചുവെന്നും, സർക്കാർ ഒപ്പമുണ്ടാകുമെന്ന് അദ്ദേഹം ഉറപ്പുനൽകിയെന്നും ജയബാലകൃഷ്ണന്റെ മകൾ ഭദ്രകീർത്തി വ്യക്തമാക്കി.
കേസുമായി ബന്ധപ്പെട്ട് അഭിഭാഷകനെ നിയമിച്ചതിൽ യാതൊരുവിധ ഭീഷണിയും ഉണ്ടായിട്ടില്ലെന്ന് ഭദ്രകീർത്തി വിശദീകരിച്ചു. ഇന്ന് കോടതിയിൽ ഹാജരായ അഡ്വ. ശ്രീജിത്തിന് വക്കാലത്ത് ഒപ്പിട്ടു നൽകിയത് സ്വന്തം ഇഷ്ടപ്രകാരമാണ്. കേസിൽ മറ്റൊരു വക്കാലത്ത് വന്നതിനെക്കുറിച്ച് അറിവില്ലെന്നും, നിലവിലെ അഭിഭാഷകനെ മാറ്റുന്ന കാര്യം ഇതുവരെ ആലോചിച്ചിട്ടില്ലെന്നും അവർ കൂട്ടിച്ചേർത്തു.
അതേസമയം, കേസിൽ പ്രതിയായ 17-കാരന്റെ പിതാവായ അഡീഷണൽ സെഷൻസ് ജഡ്ജിയോ പ്രതിഭാഗവുമായി ബന്ധമുള്ള മറ്റാരെങ്കിലുമോ തന്നെ വിളിച്ചിട്ടില്ലെന്ന് സ്ഥലംമാറ്റം ലഭിച്ച കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ കാളിരാജ് മഹേഷ് കുമാർ വ്യക്തമാക്കി. സർക്കാർ ജീവനക്കാരനായതിനാൽ സ്ഥലംമാറ്റം സ്വാഭാവികമാണെന്നും അതിൽ യാതൊരു സങ്കടവുമില്ലെന്നും അദ്ദേഹം പറഞ്ഞു. ഇതിനിടെ, പുതിയ കൊച്ചി സിറ്റി പോലീസ് കമ്മിഷണറായി ആർ. നിശാന്തിനി ഔദ്യോഗികമായി ചുമതലയേറ്റു.




+ There are no comments
Add yours