വാമനപുരത്ത് തെരുവുനായയെ വിഷം നൽകി കൊന്നു; മേനകാ ഗാന്ധിയുടെ ഇടപെടലിന് പിന്നാലെ 58-കാരനെതിരെ കേസെടുത്ത് പോലീസ്

Estimated read time 1 min read

തിരുവനന്തപുരം: വാമനപുരത്ത് തെരുവുനായയെ വിഷം നൽകി കൊലപ്പെടുത്തിയ സംഭവത്തിൽ 58-കാരനെതിരെ പോലീസ് കേസെടുത്തു. മൃഗാവകാശ പ്രവർത്തകയായ മേനകാ ഗാന്ധിയുടെ ഇടപെടലിനെ തുടർന്നാണ് വെഞ്ഞാറമൂട് പോലീസിന്റെ നടപടി. ആനാക്കുടി ഊന്നൻപാറ സ്വദേശി രജിനെതിരെയാണ് കേസെടുത്തിരിക്കുന്നത്. മൃഗസ്നേഹികളുടെ കൂട്ടായ്മയായ ‘ഓപ്പറേഷൻ സ്ട്രീറ്റ് ഡോഗ് ഓർഗനൈസേഷൻ’ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം.

രണ്ട് ദിവസം മുൻപാണ് കേസിനാസ്പദമായ സംഭവം നടന്നത്. തെരുവുനായയെ ഒരാൾ വിഷം നൽകി കൊലപ്പെടുത്തിയെന്ന വിവരം ലഭിച്ചതിനെ തുടർന്ന് സംഘടന വെഞ്ഞാറമൂട് പോലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ പോലീസിന്റെ ഭാഗത്തുനിന്ന് യാതൊരു നടപടിയും ഉണ്ടാകാത്തതിനെ തുടർന്ന് ഇവർ വിഷയം മേനകാ ഗാന്ധിയുടെ ശ്രദ്ധയിൽപ്പെടുത്തുകയായിരുന്നു. തുടർന്ന് അവർ എസ്.പിയെ നേരിട്ട് വിളിച്ച് കർശന നടപടി ആവശ്യപ്പെട്ടതോടെയാണ് കേസിൽ പോലീസിന് അനക്കമുണ്ടായത്.

എസ്.പിയുടെ നിർദ്ദേശപ്രകാരം ഇന്നലെയാണ് അന്വേഷണം ഊർജ്ജിതമായത്. നായയെ കുഴിച്ചിട്ട സ്ഥലത്തുനിന്ന് ജഡം പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടം നടത്തി. നായയുടെ ഉള്ളിൽ വിഷം ചെന്നിട്ടുണ്ടെന്നും അതാണ് മരണകാരണമെന്നും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ സ്ഥിരീകരിച്ചു. ഇതിന് പിന്നാലെയാണ് രജിനെതിരെ ഔദ്യോഗികമായി കേസെടുത്തത്. പ്രതി നിലവിൽ ഒളിവിലാണെന്നും ഇയാളെ കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് അറിയിച്ചു.

+ There are no comments

Add yours