വന്യജീവി ആക്രമണത്തിലെ കൃഷിനാശം: നഷ്ടപരിഹാരം ഇരട്ടിയാക്കി സർക്കാർ ഉത്തരവ്; ഇനി മുതൽ തേങ്ങയ്ക്കും കൊക്കോയ്ക്കും സഹായധനം

Estimated read time 1 min read

തിരുവനന്തപുരം: വന്യജീവി ആക്രമണം മൂലം കൃഷിനാശം നേരിടുന്ന വനാതിർത്തിയിലെ കർഷകർക്ക് ആശ്വാസമായി നഷ്ടപരിഹാരത്തുക ഇരട്ടിയാക്കി സർക്കാർ ഉത്തരവിറക്കി. പത്ത് വർഷത്തിന് ശേഷമാണ് നഷ്ടപരിഹാര നിരക്കുകൾ പരിഷ്കരിക്കുന്നത്. പുതിയ ഉത്തരവ് പ്രകാരം കാർഷിക വിളകൾക്കും ഇനി മുതൽ നഷ്ടപരിഹാരം ലഭിക്കും. തേങ്ങ ഒന്നിന് 15 രൂപ നിരക്കിലും കൊക്കോയ്ക്ക് കിലോയ്ക്ക് 30 രൂപ നിരക്കിലുമാണ് തുക അനുവദിക്കുക. സംസ്ഥാനത്ത് വന്യജീവി ആക്രമണം വ്യാപകമായ പശ്ചാത്തലത്തിലാണ് വനംവകുപ്പിന്റെ ഈ നിർണ്ണായക ഇടപെടൽ.

മുഖ്യമന്ത്രി, കൃഷിമന്ത്രി, ധനകാര്യമന്ത്രി എന്നിവരുമായി നടത്തിയ ചർച്ചകളുടെ അടിസ്ഥാനത്തിലാണ് നഷ്ടപരിഹാരത്തുക ഇരട്ടിയാക്കാൻ തീരുമാനിച്ചതെന്ന് മന്ത്രി ഷിബു ബേബി ജോൺ നേരത്തെ വ്യക്തമാക്കിയിരുന്നു.

നേരത്തെ വന്യജീവികൾ തെങ്ങ് നശിപ്പിച്ചാൽ മാത്രമേ നഷ്ടപരിഹാരം ലഭിച്ചിരുന്നുള്ളൂ. എന്നാൽ പുതിയ തീരുമാനപ്രകാരം കുരങ്ങ് ഉൾപ്പെടെയുള്ളവ തേങ്ങ നശിപ്പിച്ചാലും നഷ്ടപരിഹാരം ലഭിക്കും. അതുപോലെ നഷ്ടപരിഹാര പട്ടികയിൽ ഇല്ലാതിരുന്ന കൊക്കോ കൃഷിയെയും ഇപ്പോൾ ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

2012-ൽ ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്താണ് നഷ്ടപരിഹാര തുക നിശ്ചയിച്ച് പട്ടിക തയ്യാറാക്കിയത്. പിന്നീട് 2015-ൽ ഇതിൽ 10 ശതമാനം വർധനവ് വരുത്തിയതൊഴിച്ചാൽ കഴിഞ്ഞ പത്ത് വർഷമായി തുക പരിഷ്കരിച്ചിരുന്നില്ല. തുച്ഛമായ നഷ്ടപരിഹാര തുക ലഭിക്കാൻ വർഷങ്ങളോളം കാത്തിരിക്കേണ്ടി വരുന്നതിനാൽ പല കർഷകരും ഇത് ഉപേക്ഷിക്കുന്ന സാഹചര്യമായിരുന്നു ഉണ്ടായിരുന്നത്. ഈ പ്രതിസന്ധിക്ക് പരിഹാരം കാണുക കൂടിയാണ് സർക്കാർ ലക്ഷ്യമിടുന്നത്.

+ There are no comments

Add yours