തിയേറ്ററുകളിലെ സി.സി.ടി.വി ദൃശ്യങ്ങൾ ചോർന്ന സംഭവം: അന്വേഷണം മുതിർന്ന ഉദ്യോഗസ്ഥനെ ഏൽപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

Estimated read time 1 min read

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ഉടമസ്ഥതയിലുള്ള കൈരളി, ശ്രീ, നിള തിയേറ്ററുകളിൽ നിന്നുള്ള സി.സി.ടി.വി ദൃശ്യങ്ങൾ ചോർന്ന് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച സംഭവത്തിൽ കർശന ഇടപെടലുമായി സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ. കേസിന്റെ അന്വേഷണം ഒരു മുതിർന്ന പോലീസ് ഉദ്യോഗസ്ഥനെ ഏൽപ്പിക്കാൻ ജില്ലാ പോലീസ് മേധാവിക്ക് കമ്മീഷൻ നിർദ്ദേശം നൽകി.

അന്വേഷണം ഊർജ്ജിതമാക്കി കുറ്റവാളികളെ എത്രയും വേഗം കണ്ടെത്തണം. ഇതിനായി ആവശ്യമെങ്കിൽ ഹൈടെക് സെല്ലിന്റെ സഹായം തേടാമെന്നും, ജില്ലാ പോലീസ് മേധാവി ആവശ്യപ്പെട്ടാൽ ഹൈടെക് സെൽ സാങ്കേതിക സഹായങ്ങൾ നൽകണമെന്നും കമ്മീഷൻ നിർദ്ദേശിച്ചു. സംസ്ഥാനത്തെ എല്ലാ സിനിമാ തിയേറ്ററുകളിലും സമാനമായ സ്വകാര്യതാ ലംഘനം ആവർത്തിക്കാതിരിക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് സംസ്ഥാന പോലീസ് മേധാവി ഉറപ്പാക്കണമെന്നും ഉത്തരവിലുണ്ട്.

സംഭവം കെ.എസ്.എഫ്.ഡി.സിയുടെ (KSFDC) അറിവോ സമ്മതമോ ഇല്ലാതെയാണ് നടന്നതെന്നും, വിവരം അറിഞ്ഞയുടൻ തുടർനടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും ചലച്ചിത്ര വികസന കോർപ്പറേഷൻ എം.ഡി കമ്മീഷനെ അറിയിച്ചു. കുറ്റക്കാരെ കണ്ടെത്താൻ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് സൈബർ സെൽ എ.ഡി.ജി.പിക്ക് കത്ത് നൽകിയിരുന്നു. നിലവിൽ സൈബർ ക്രൈം പോലീസ് സ്റ്റേഷനിൽ കേസ് (ക്രൈം നമ്പർ 172/2025) രജിസ്റ്റർ ചെയ്ത് അന്വേഷണം പുരോഗമിക്കുകയാണ്. എന്നാൽ ദൃശ്യങ്ങൾ ഏത് കാലയളവിൽ, ആരിലൂടെ ചോർന്നു എന്ന് ഇതുവരെ വ്യക്തമായിട്ടില്ല.

പ്രതികളെ കണ്ടെത്താൻ സാങ്കേതികവും നിയമപരവുമായ അന്വേഷണം നടക്കുകയാണെന്ന പോലീസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ, അന്വേഷണം എത്രയും വേഗം പൂർത്തിയാക്കാൻ കമ്മീഷൻ ആക്ടിംഗ് ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് നിർദ്ദേശിച്ചു. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ പൊതുപ്രവർത്തകനായ അഡ്വ. ദേവദാസ് നൽകിയ പരാതിയിലാണ് കമ്മീഷന്റെ ഈ നടപടി.

+ There are no comments

Add yours