ഒമാൻ തീരത്ത് അത്ഭുതമായി അപൂർവ്വ ‘പിങ്ക് ഡോൾഫിൻ’; വൈറൽ വീഡിയോയ്ക്ക് പിന്നിലെ ശാസ്ത്രമെന്ത്?

Estimated read time 1 min read

മസ്കറ്റ് തീരത്ത് മറ്റ് സാധാരണ ഡോൾഫിനുകൾക്കൊപ്പം നീന്തിത്തുടിക്കുന്ന ഒരു അപൂർവ്വ പിങ്ക് ഡോൾഫിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ തരംഗമാവുകയാണ്. കടുംനീല കടലിൽ വേറിട്ടുനിൽക്കുന്ന ഈ വർണ്ണവിസ്മയം കണ്ട് അമ്പരന്നിരിക്കുകയാണ് കാഴ്ചക്കാർ. വീഡിയോ വൈറലായതോടെ ഈ പ്രതിഭാസത്തിന് പിന്നിലെ കാരണമെന്താണെന്ന ചർച്ചകളും സജീവമായി.

എന്നാൽ ഈ ഡോൾഫിൻ കൃത്യമായി ഏതിനത്തിൽപ്പെട്ടതാണെന്ന് സമുദ്രഗവേഷകർക്ക് ഇതുവരെ സ്ഥിരീകരിക്കാനായിട്ടില്ല. സാധാരണഗതിയിൽ തെക്കേ അമേരിക്കയിലെ ആമസോൺ നദിയിലെ ശുദ്ധജലത്തിലാണ് പിങ്ക് നിറമുള്ള ഡോൾഫിനുകളെ പ്രധാനമായും കണ്ടുവരുന്നത്. എങ്കിലും അപൂർവ്വമായി ചില കടൽ ഡോൾഫിനുകളിലും ഈ സവിശേഷത പ്രകടമാകാറുണ്ട്.

പ്രായമേറുമ്പോൾ ഇൻഡോ-പസഫിക് ഹംപ്ബാക്ക് (Indo-Pacific humpback) ഡോൾഫിനുകളുടെ ചർമ്മത്തിലെ നിറം മങ്ങുകയും അവയ്ക്ക് പിങ്ക് നിറം കൈവരികയും ചെയ്യാറുണ്ട്. ശരീരത്തിലെ അധികമുള്ള ചൂട് പുറന്തള്ളാനായി ചർമ്മത്തിനടുത്തുള്ള രക്തക്കുഴലുകളിലൂടെ കൂടുതൽ രക്തം ഒഴുകുന്നതാണ് ഈ നിറം കൂടുതൽ തെളിഞ്ഞുകാണാൻ കാരണമാകുന്നത്. ഒമാനിൽ കണ്ടെത്തിയ ഡോൾഫിൻ ഒരുപക്ഷേ റിസോസ് (Risso’s) ഇനത്തിലോ ഹംപ്ബാക്ക് ഇനത്തിലോ പെട്ടതാകാമെന്നാണ് പ്രാഥമിക നിഗമനം.

എന്നിരുന്നാലും, ഇന്ത്യൻ മഹാസമുദ്രത്തിൽ കാണപ്പെടുന്ന ഹംപ്ബാക്ക് ഡോൾഫിനുകൾക്ക് സാധാരണയായി ജീവിതകാലം മുഴുവൻ ചാരനിറമാണ് ഉണ്ടാകാറുള്ളതെന്ന് ഇന്റർനാഷണൽ വെയ്ലിംഗ് കമ്മീഷൻ വ്യക്തമാക്കുന്നു. അതിനാൽ നിറം വെച്ച് മാത്രം ഇവയുടെ ഇനം തിരിച്ചറിയാൻ സാധിക്കില്ലെന്നും, ഇതിന് കൂടുതൽ ശാസ്ത്രീയ നിരീക്ഷണങ്ങൾ ആവശ്യമാണെന്നുമാണ് വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നത്.

+ There are no comments

Add yours