ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധം കടുപ്പിച്ച് പ്രതിപക്ഷം; ഹർജികൾ ഇന്ന് സുപ്രീം കോടതിയിൽ, ഡൽഹിയിൽ സുരക്ഷ ശക്തമാക്കി

Estimated read time 1 min read

ഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ സമരം ശക്തമാക്കി പ്രതിപക്ഷ പാർട്ടികൾ. സംസ്ഥാനങ്ങളിലെ തുടർ സമരപരിപാടികൾ ആസൂത്രണം ചെയ്യുന്നതിനായി കോൺഗ്രസ് ഇന്ന് പി.സി.സി അധ്യക്ഷന്മാരുടെ യോഗം വിളിച്ചുചേർത്തിട്ടുണ്ട്. ഡൽഹിയിൽ ഇന്നും വിദ്യാർത്ഥി-യുവജന സംഘടനകളുടെ നേതൃത്വത്തിൽ പ്രതിഷേധങ്ങൾ തുടരും. നാളെ തിരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്തേക്ക് ഇന്ത്യ (INDIA) സഖ്യത്തിലെ നേതാക്കളും എം.പിമാരും പങ്കെടുക്കുന്ന കൂറ്റൻ മാർച്ച് സംഘടിപ്പിക്കും. പ്രതിഷേധ പശ്ചാത്തലത്തിൽ ഡൽഹിയിൽ സുരക്ഷ വൻതോതിൽ ശക്തമാക്കിയിട്ടുണ്ട്.

അതേസമയം, ഗ്യാനേഷ് കുമാറിനെതിരായ ഹർജികൾ ഇന്ന് സുപ്രീം കോടതി പരിഗണിക്കും. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് കേസ് കേൾക്കുന്നത്. മറ്റു രണ്ട് തിരഞ്ഞെടുപ്പ് കമ്മീഷണർമാരുടെ അഭിപ്രായങ്ങൾ തേടാതെ ഗ്യാനേഷ് കുമാർ ഏകപക്ഷീയമായി തീരുമാനങ്ങളെടുത്തു എന്നാണ് ഹർജികളിലെ പ്രധാന ആരോപണം.

ശൈലേന്ദ്ര മണി ത്രിപാഠി, രാകേഷ് കുമാർ സിംഗ് എന്നിവരാണ് ഹർജിക്കാർ. ഗ്യാനേഷ് കുമാറിനെ പ്രോസിക്യൂട്ട് ചെയ്യണമെന്നും, എസ്.ഐ.ആർ (SIR) തീരുമാനങ്ങൾ റദ്ദാക്കണമെന്നും വോട്ടർ പട്ടികയിൽ നിന്ന് പേരുകൾ നീക്കം ചെയ്ത സംഭവത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ (SIT) കൊണ്ട് അന്വേഷിപ്പിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.

+ There are no comments

Add yours