ആയുർവേദ മരുന്നുകളിലെ മെർക്കുറി, ലെഡ് സാന്നിധ്യം: ആശങ്കയുമായി ഐഎംഎ; നിരോധനം ആവശ്യപ്പെട്ടു

Estimated read time 0 min read

ആയുർവേദ മരുന്നുകളിൽ മെർക്കുറി, ലെഡ് തുടങ്ങിയ ലോഹങ്ങളുടെ സാന്നിധ്യം കണ്ടെത്തിയതിൽ കടുത്ത ആശങ്ക രേഖപ്പെടുത്തി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ). മതിയായ ശാസ്ത്രീയ പഠനങ്ങളോ ഗവേഷണങ്ങളോ കൂടാതെ ഇത്തരം ലോഹങ്ങൾ മരുന്നുകളിൽ ഉപയോഗിക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് ഐഎംഎ ചൂണ്ടിക്കാട്ടി. ആധുനിക വൈദ്യശാസ്ത്രത്തിൽ ശാസ്ത്രീയ ഗവേഷണങ്ങളുടെ അടിസ്ഥാനത്തിൽ അംഗീകരിച്ച നിരവധി മരുന്നുകൾ ലഭ്യമായിരിക്കെ, ഇത്തരം ഉത്പന്നങ്ങളുടെ ഉപയോഗം സർക്കാർ നിരോധിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.

സ്‌കിൻ കെയർ ഉത്പന്നങ്ങളിലെ മെർക്കുറിയുടെ സാന്നിധ്യം ഗുരുതര ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് ഐഎംഎയുടെ ഈ ഇടപെടൽ. വിഷയത്തിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തണമെന്ന് ഈ രംഗത്ത് ഏറെ പരിചയസമ്പന്നനായ ഡോ. അരുൺ ആവശ്യപ്പെട്ടു. സാധാരണയായി ഉപയോഗിക്കുന്ന പല മരുന്നുകളിലും കൂടിയ അളവിൽ ലോഹ സാന്നിധ്യമുണ്ടെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഉദാഹരണമായി, റാസിന്ദൂരിൽ എട്ട് ഗ്രാം മെർക്കുറിയും, സിദ്ധ മകരധ്വജയിൽ രണ്ട് ഗ്രാം സ്വർണവും നാല് ഗ്രാം മെർക്കുറിയും, സ്വർണ ഭസ്മത്തിൽ അഞ്ച് ഗ്രാം ലെഡും അഞ്ച് ഗ്രാം മെർക്കുറിയും അടങ്ങിയിട്ടുണ്ടെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

അതേസമയം, ശുദ്ധീകരിച്ച ശേഷവും നാനോ പാർട്ടിക്കിൾ വലിപ്പത്തിലേക്ക് മാറ്റിയ ശേഷവുമാണ് ഇത്തരം ലോഹങ്ങൾ മരുന്നുകളിൽ ചേർക്കുന്നതെന്നും അതിനാൽ വിഷബാധ ഉണ്ടാക്കില്ലെന്നുമാണ് നിർമാണ കമ്പനികളുടെ വിശദീകരണം. എന്നാൽ, മരുന്ന് കമ്പനികളുടെ ഈ വാദങ്ങൾക്ക് ശാസ്ത്രീയമായ അടിത്തറയുണ്ടോ എന്ന ആശങ്കയാണ് ഐഎംഎ പ്രധാനമായും പങ്കുവെക്കുന്നത്.

+ There are no comments

Add yours