കെഎസ്ആർടിസി ബസ് യാത്രക്കാർക്ക് ഡിജിറ്റൽ പണമിടപാടുകൾ കൂടുതൽ എളുപ്പമാക്കുന്നതിനായി ‘ചലോ’ (Chalo) ആപ്പിൽ പുതിയ സംവിധാനങ്ങൾ നിലവിൽ വന്നു. ‘സ്കാൻ ആൻഡ് പേ’, ‘ചലോ യുപിഐ’ എന്നിങ്ങനെ രണ്ട് പുതിയ ഫീച്ചറുകളാണ് യാത്രക്കാർക്കായി അവതരിപ്പിച്ചിരിക്കുന്നത്.
കണ്ടക്ടറുടെ പക്കലുള്ള ഇലക്ട്രോണിക് ടിക്കറ്റ് മെഷീനിലെ ചലോ യുപിഐ ക്യൂആർ കോഡ്, ആപ്പ് വഴി സ്കാൻ ചെയ്ത് നേരിട്ട് പണമടയ്ക്കാനുള്ള സൗകര്യമാണ് ‘സ്കാൻ ആൻഡ് പേ’. ഫോണിലെ മറ്റ് യുപിഐ ആപ്പുകളിലേക്ക് മാറാതെ തന്നെ, ചലോ ആപ്പിൽ നേരിട്ട് യുപിഐ പിൻ നൽകി പണമടയ്ക്കാൻ സഹായിക്കുന്നതാണ് ‘ചലോ യുപിഐ’ സംവിധാനം.
പുതിയ പേയ്മെന്റ് രീതികൾ ഉപയോഗിക്കുന്ന യാത്രക്കാർക്കായി നവംബർ 30 വരെ ആകർഷകമായ ക്യാഷ്ബാക്ക് ഓഫറും പ്രഖ്യാപിച്ചിട്ടുണ്ട്. കുറഞ്ഞത് അഞ്ച് രൂപയുടെ ഇടപാട് നടത്തുന്നവർക്ക് ഓരോ ഇടപാടിനും 50 ശതമാനം ക്യാഷ്ബാക്ക് ലഭിക്കും. ഒരു ഇടപാടിൽ പരമാവധി പത്ത് രൂപ വരെയാണ് ക്യാഷ്ബാക്കായി ലഭിക്കുക. ഈ തുക 24 മണിക്കൂറിനുള്ളിൽ ഭീം (BHIM) ആപ്പ് വഴി യാത്രക്കാർക്ക് തിരികെ ലഭിക്കും.
നിലവിൽ ആൻഡ്രോയിഡ് ഫോൺ ഉപയോക്താക്കൾക്ക് മാത്രമാണ് ഈ പുതിയ സേവനങ്ങൾ ലഭ്യമാകുന്നത്. ആപ്പിൽ ഈ ഫീച്ചറുകൾ കാണാത്തവർ ചലോ ആപ്പിന്റെ ഏറ്റവും പുതിയ പതിപ്പിലേക്ക് അപ്ഡേറ്റ് ചെയ്യേണ്ടതാണ്.




+ There are no comments
Add yours