തിരുവനന്തപുരം: കിൻഫ്ര ഏറ്റെടുത്ത ഭൂമിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വി.ഡി. സതീശൻ സ്വീകരിക്കുന്ന നിലപാടുകളിലെ വൈരുധ്യം ചോദ്യം ചെയ്ത് ജോൺ ബ്രിട്ടാസ് എംപി. അഴിമതി ആരോപണത്തെ തുടർന്ന് വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ച അതേ ഭൂമി തന്നെ, ലോകോത്തര വ്യവസായ പാർക്കുകൾ വികസിപ്പിക്കാൻ അനുയോജ്യമാണെന്ന് സാക്ഷ്യപ്പെടുത്തി കേന്ദ്രസർക്കാരിന് നിർദേശം സമർപ്പിച്ചുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തിൽ ഏത് സതീശനെയാണ് വിശ്വസിക്കേണ്ടതെന്നും ബ്രിട്ടാസ് ചോദിച്ചു.
‘ഭവ്യ’ പദ്ധതിയുടെ ഭാഗമായി സംസ്ഥാന സർക്കാർ കേന്ദ്രത്തിന് സമർപ്പിച്ച രണ്ട് ഭൂമികളുടെ പട്ടികയിൽ കിൻഫ്ര ഏറ്റെടുത്ത ഭൂമിയും ഉൾപ്പെടുന്നുണ്ട്. 2026 ജൂലൈ 28-ന് ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി വിശദമായി പരിശോധിച്ച ശേഷമാണ് മട്ടന്നൂരിലെ രണ്ട് ഭൂമികൾ പദ്ധതിക്കായി സമർപ്പിക്കാൻ അംഗീകാരം നൽകിയത്. എന്നാൽ ഒക്ടോബർ 28-ന് ചേർന്ന മന്ത്രിസഭാ യോഗം ഇതേ ഭൂമിയിൽ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ടു. ഇതിന് രണ്ട് ദിവസത്തിന് ശേഷം, ഒക്ടോബർ 30-ന്, വ്യവസായ പാർക്കുകൾക്ക് അനുയോജ്യമായ ഭൂമിയാണെന്ന് സാക്ഷ്യപ്പെടുത്തി കേന്ദ്രസർക്കാരിന് നിർദേശം സമർപ്പിച്ചുവെന്നും എംപി വ്യക്തമാക്കി.
ഇത് വ്യവസായ വകുപ്പിന്റെ മാത്രം തീരുമാനമല്ലെന്നും ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതിയുടെ അംഗീകാരത്തോടെയാണ് നടപടികൾ പൂർത്തിയാക്കിയതെന്നും ജോൺ ബ്രിട്ടാസ് പറഞ്ഞു. ഓൺലൈനായി ചേർന്ന എംപിമാരുടെ യോഗത്തിൽ ഈ വിഷയം ചർച്ചയ്ക്ക് എടുക്കാതിരുന്നതും ശ്രദ്ധേയമാണ്. കേന്ദ്രസർക്കാരിൽ നിന്ന് അർഹമായ സഹായം ലഭിക്കുന്നില്ലെന്ന് യോഗത്തിൽ പരാതിപ്പെട്ട മുഖ്യമന്ത്രി, വിജിലൻസ് അന്വേഷണത്തിലൂടെ കേന്ദ്രസഹായം ലഭിക്കാനുള്ള സാധ്യത കൂടി ഇല്ലാതാക്കുകയാണെന്നും അദ്ദേഹം വിമർശിച്ചു.




+ There are no comments
Add yours