തൃശൂർ: സംസ്ഥാന സ്കൂൾ കായികോത്സവത്തിന്റെ വേദി തകർന്നുവീണ സംഭവത്തിൽ തൃശൂർ കോർപ്പറേഷൻ കൗൺസിൽ യോഗത്തിൽ രൂക്ഷമായ ഭരണ-പ്രതിപക്ഷ വാക്കേറ്റം. സംഘാടനത്തെക്കുറിച്ച് താൻ ഒന്നും അറിഞ്ഞിരുന്നില്ലെന്നും, ഉദ്ഘാടനം ചെയ്യാൻ ആളില്ലെന്ന് പറഞ്ഞതുകൊണ്ടാണ് പങ്കെടുത്തതെന്നും മേയർ നിജി ജസ്റ്റിൻ വ്യക്തമാക്കി. ആവശ്യമായ സുരക്ഷാ ലൈസൻസുകൾ എടുക്കാതെയാണ് കായിക മത്സരം സംഘടിപ്പിച്ചതെന്ന് പ്രതിപക്ഷം ആരോപിച്ചു. സംഭവത്തിലെ സുരക്ഷാ വീഴ്ചയെക്കുറിച്ച് സർക്കാരിനോട് അന്വേഷണം ആവശ്യപ്പെടുമെന്ന് കോർപ്പറേഷൻ കൗൺസിൽ അറിയിച്ചു.
പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും കായിക വകുപ്പിന്റെയും പൂർണ്ണ പരാജയമാണ് അപകടത്തിന് വഴിവെച്ചതെന്ന് പ്രതിപക്ഷം വിമർശിച്ചു. തൃശൂർ എം.എൽ.എ ഒ.ജെ. ജനീഷ് അപകടസ്ഥലം സന്ദർശിക്കാനോ പ്രതികരിക്കാനോ തയ്യാറായില്ലെന്നും അവർ ആരോപിച്ചു.
അതേസമയം, കായികമേള സംഘടിപ്പിക്കുന്ന വിവരം വിദ്യാഭ്യാസ വകുപ്പ് കോർപ്പറേഷനെ ഔദ്യോഗികമായി അറിയിച്ചിരുന്നില്ലെന്ന് ഡെപ്യൂട്ടി മേയർ എ. പ്രസാദ് പറഞ്ഞു. മേയർക്കോ ഡെപ്യൂട്ടി മേയർക്കോ പ്രാദേശിക കൗൺസിലർമാർക്കോ വിവരമൊന്നും നൽകാതെയാണ് മേള സംഘടിപ്പിച്ചത്. നടത്തിപ്പിലുണ്ടായ വീഴ്ചകളുടെ പൂർണ്ണ ഉത്തരവാദിത്തം സർക്കാരിനും പൊതുവിദ്യാഭ്യാസ വകുപ്പിനുമാണെന്നും, അപകടത്തിന്റെ പേരിൽ മേയറെ അപകീർത്തിപ്പെടുത്താൻ അനുവദിക്കില്ലെന്നും ഡെപ്യൂട്ടി മേയർ കൂട്ടിച്ചേർത്തു.




+ There are no comments
Add yours