തിരുവനന്തപുരം: അർജന്റീന ഫുട്ബോൾ ഇതിഹാസം ലിയോണൽ മെസ്സിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് നടത്തിയ സാമ്പത്തിക തട്ടിപ്പ് കേസിൽ മുൻ കായികമന്ത്രി വി. അബ്ദുറഹിമാനെ അന്വേഷണ സംഘം പ്രതിചേർത്തേക്കും. അദ്ദേഹം തന്റെ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തുവെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്.ഐ.ടി) പ്രാഥമിക നിഗമനം. ഒരു സ്വകാര്യ സ്പോൺസർക്ക് അന്യായമായി ലാഭമുണ്ടാക്കാൻ മന്ത്രി വഴിവിട്ട സഹായങ്ങൾ ചെയ്തുവെന്നും എസ്.ഐ.ടി വിലയിരുത്തുന്നു.
കഴിഞ്ഞ ദിവസം മലപ്പുറത്തെത്തിയ അന്വേഷണ സംഘം മുൻ മന്ത്രിക്ക് നോട്ടീസ് നൽകിയ ശേഷം ഔദ്യോഗികമായി മൊഴി രേഖപ്പെടുത്തിയിരുന്നു. ഈ മൊഴിയും മറ്റ് രേഖകളും വിശദമായി പരിശോധിച്ച ശേഷമായിരിക്കും പ്രതിചേർക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക. യാതൊരു ടെൻഡർ നടപടികളുമില്ലാതെ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനിയെ സ്പോൺസറായി തിരഞ്ഞെടുത്തത്, മന്ത്രിയുടെ ഓഫീസിൽ നിന്നുള്ള ഔദ്യോഗിക കത്തിടപാടുകൾ, അർജന്റീന ഫുട്ബോൾ അസോസിയേഷനുമായുള്ള (AFA) ചർച്ചകൾക്കായി നടത്തിയ വിദേശയാത്ര എന്നിവയെല്ലാം നിലവിൽ അന്വേഷണ പരിധിയിലാണ്.
കേസിലെ നിർണ്ണായകമായ പ്രാഥമിക റിപ്പോർട്ട് എസ്.ഐ.ടി ഡി.ജി.പിക്ക് കൈമാറിക്കഴിഞ്ഞു. അബ്ദുറഹിമാന്റെ മൊഴിയുൾപ്പെടെയുള്ള വിവരങ്ങൾ അടങ്ങിയ റിപ്പോർട്ടിൽ, അഴിമതി നിരോധന നിയമപ്രകാരം കേസെടുത്ത് അന്വേഷണം നടത്തണമെന്നാണ് പ്രധാന ശുപാർശ. സ്പോൺസർക്ക് വഴിവിട്ട സഹായം നൽകിയതിൽ മന്ത്രിയുടെ ഓഫീസിലെ മറ്റാർക്കൊക്കെ പങ്കുണ്ടെന്നും, സാമ്പത്തിക ഇടപാടുകളുടെ യഥാർത്ഥ വ്യാപ്തി എത്രത്തോളമുണ്ടെന്നും തുടരന്വേഷണത്തിലൂടെ കണ്ടെത്താനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.




+ There are no comments
Add yours