കൊച്ചി: ലയണൽ മെസിയെ കേരളത്തിൽ എത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് നടന്ന തട്ടിപ്പുകേസിൽ റിപ്പോർട്ടർ ടി.വി മാനേജിങ് എഡിറ്റർ ആന്റോ അഗസ്റ്റിൻ നൽകിയ മുൻകൂർ ജാമ്യാപേക്ഷ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി തീർപ്പാക്കി. കേസിൽ നിലവിൽ ചോദ്യം ചെയ്യൽ മാത്രമാണ് നടക്കുന്നതെന്നും അറസ്റ്റ് ചെയ്യാൻ ഉദ്ദേശിക്കുന്നില്ലെന്നും പൊലീസ് വ്യക്തമാക്കിയതിനെ തുടർന്നാണ് കോടതി ഹർജി തീർപ്പാക്കിയത്. കഴിഞ്ഞ ദിവസം ഈ ഹർജിയിൽ കോടതി വിശദമായ വാദം കേട്ടിരുന്നു.
പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) നോട്ടീസ് നൽകി ആന്റോ അഗസ്റ്റിനെ ഉടൻ ചോദ്യം ചെയ്യാൻ വിളിപ്പിച്ചേക്കുമെന്നാണ് വിവരം. ഇദ്ദേഹത്തിന്റെ ഓഫീസിലും വീട്ടിലുമായി നടത്തിയ പരിശോധനകളുടെ കൂടുതൽ വിവരങ്ങൾ പൊലീസ് ശേഖരിച്ചുവരികയാണ്. ഇവിടെനിന്ന് കണ്ടെടുത്ത ചില വസ്തുക്കളുടെ ഫോറൻസിക് പരിശോധനാ ഫലങ്ങൾ കൂടി ലഭിച്ച ശേഷമേ പൊലീസ് വിശദമായ ചോദ്യം ചെയ്യലിലേക്ക് കടക്കുകയുള്ളൂ.




+ There are no comments
Add yours