കോയമ്പത്തൂർ: സിനിമകളെ വെല്ലുന്ന ആവേശകരമായ ചേസിങ്ങിനൊടുവിൽ കോയമ്പത്തൂരിൽ ലഹരി സംഘത്തെ സാഹസികമായി പിടികൂടി പൊലീസ്. വാഹനപരിശോധനയ്ക്കിടെ നിർത്താതെ പോയ കാറിന് മുകളിൽ 40 കിലോമീറ്ററോളം പിടിച്ചുകിടന്നാണ് ഹെഡ് കോൺസ്റ്റബിൾ എം. വേൽമുരുകൻ പ്രതികളെ കീഴടക്കിയത്. കോയമ്പത്തൂരിലെ വിലങ്കുറിച്ചിയിലാണ് സംഭവം അരങ്ങേറിയത്.
ഒരു കാറിൽ 300 കിലോഗ്രാം ഗുട്കയും മറ്റ് പുകയില ഉൽപ്പന്നങ്ങളും കടത്തുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടർന്നാണ് പൊലീസ് ചെക്ക് പോയിന്റ് ഒരുക്കി പരിശോധന നടത്തിയത്. ഇതിനിടെ എത്തിയ കർണാടക രജിസ്ട്രേഷനിലുള്ള കാർ പൊലീസിനെ വെട്ടിച്ച് നിർത്താതെ പോകുകയായിരുന്നു. ലഹരി സംഘം ഈ വാഹനത്തിലുണ്ടാകാമെന്ന് സംശയിച്ച പൊലീസ് ഉടൻ തന്നെ ബൈക്കിൽ ഇവരെ പിന്തുടർന്നു. വാഹനം തടയാനുള്ള ശ്രമത്തിനിടയിൽ ഹെഡ് കോൺസ്റ്റബിൾ വേൽമുരുകൻ കാറിൽ മുറുകെപ്പിടിക്കുകയും മുകൾ ഭാഗത്തേക്ക് ചാടിക്കയറുകയുമായിരുന്നു. തുടർന്ന് അമിതവേഗത്തിൽ പാഞ്ഞ കാറിന് മുകളിൽ അദ്ദേഹം കിലോമീറ്ററുകളോളം ജീവൻ പണയംവെച്ച് കിടന്നു.
ഒടുവിൽ തെക്കലൂർ ചെക്ക്പോസ്റ്റിന് സമീപം പൊലീസ് സംഘം വാഹനം വളയുകയായിരുന്നു. കാറിലുണ്ടായിരുന്ന രണ്ട് പേർ ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പൊലീസ് ഇവരെ പിടികൂടി. വാഹനത്തിൽ നിന്ന് 200 കിലോഗ്രാം ഗുട്കയാണ് പിടിച്ചെടുത്തത്. സംഭവത്തിൽ രാജസ്ഥാൻ സ്വദേശികളായ മൂന്ന് പ്രതികളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കർണാടകയിൽ നിന്ന് വരുന്നതിനിടെയാണ് ഇവർ പിടിയിലായത്. പ്രതികളെ നിലവിൽ ചോദ്യം ചെയ്തുവരികയാണ്.




+ There are no comments
Add yours