കൊല്ലം: കേരളം ശക്തമായ സഹകരണ സംവിധാനങ്ങളുള്ള നാടാണെന്നും, ദേശീയ സഹകരണ പദ്ധതികൾ സംസ്ഥാനത്ത് നടപ്പിലാക്കുന്നതിനായി കേരളത്തിലെ സഹകരണ മന്ത്രിയെ ഡൽഹിയിലേക്ക് ക്ഷണിക്കുകയാണെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കുണ്ടറ മുളവനയിൽ അന്താരാഷ്ട്ര വനിതാ കർഷക വർഷാചരണവുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച ‘സഹകരണത്തിലൂടെ സമൃദ്ധി’ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സഹകരണ മേഖലയിലൂടെ സ്ത്രീ ശാക്തീകരണം ഉറപ്പാക്കുക എന്നതാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്. ഇതിന്റെ ഭാഗമായി സ്ത്രീകൾക്കായി 36 കോടി ബാങ്ക് അക്കൗണ്ടുകൾ തുറക്കാൻ കേന്ദ്ര സർക്കാരിന് കഴിഞ്ഞതായും അമിത് ഷാ വ്യക്തമാക്കി.
അതേസമയം, പരിപാടിയുടെ ഇതേ വേദിയിൽ വെച്ച് കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് വിഷയം സുരേഷ് ഗോപി കേന്ദ്രമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. തട്ടിപ്പ് നടത്തിയ കുറ്റക്കാരിൽ നിന്ന് പണം കണ്ടുകെട്ടി സഹകരണ വകുപ്പിന് കൈമാറാൻ അമിത് ഷാ നേരിട്ട് ഇടപെടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ ഹൈക്കോടതി നിർദേശിച്ചിട്ടും സംസ്ഥാനത്ത് യാതൊരു തുടർനടപടികളും ഉണ്ടാകുന്നില്ലെന്നും സുരേഷ് ഗോപി വേദിയിൽ ചൂണ്ടിക്കാട്ടി.




+ There are no comments
Add yours