നാഗാലാൻഡിൽ വ്യാജ മദ്യദുരന്തം: 19 മരണം; അന്വേഷണത്തിന് പ്രത്യേക പൊലീസ് സംഘം

Estimated read time 0 min read

നാഗാലാൻഡിൽ വ്യാജമദ്യം കഴിച്ച് 19 പേർ മരിച്ചു. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി മൊകോക്ചുങ്, ടുൻസാങ് ജില്ലകളിലാണ് നാടിനെ നടുക്കിയ ദുരന്തമുണ്ടായത്. മൊകോക്ചുങ്ങിൽ എട്ടുപേരും ടുൻസാങ്ങിൽ 11 പേരുമാണ് മരിച്ചത്. 1990 മുതൽ സമ്പൂർണ്ണ മദ്യനിരോധനം നിലവിലുള്ള സംസ്ഥാനത്താണ് ഈ ദുരന്തം ഉണ്ടായിരിക്കുന്നത്.

സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ അഡീഷണൽ പൊലീസ് സൂപ്രണ്ട് ഐ. ബങ്‌ലാങ് ചാങ്ങിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) രൂപീകരിച്ചതായി സീനിയർ എസ്.പി വെസുപ്ര കെസോ അറിയിച്ചു. വ്യാജമദ്യത്തിന്റെ ഉറവിടവും വിതരണ ശൃംഖലയും കണ്ടെത്തുകയാണ് സംഘത്തിന്റെ പ്രധാന ലക്ഷ്യം. ദുരന്തത്തിന് പിന്നാലെ പൊലീസ് നടത്തിയ വ്യാപക പരിശോധനകളിൽ 19 പേരെ അറസ്റ്റ് ചെയ്തു. അനധികൃതമായി സൂക്ഷിച്ചിരുന്ന മൂവായിരത്തോളം മദ്യക്കുപ്പികളും പിടിച്ചെടുത്തിട്ടുണ്ട്.

ലേബലില്ലാത്തതോ ഉറവിടം വ്യക്തമല്ലാത്തതോ ആയ അനധികൃത മദ്യങ്ങൾ യാതൊരു കാരണവശാലും ഉപയോഗിക്കരുതെന്ന് പൊലീസ് പൊതുജനങ്ങൾക്ക് കർശന മുന്നറിയിപ്പ് നൽകി. മദ്യം കഴിച്ചതിന് പിന്നാലെ തലകറക്കം, കാഴ്ച മങ്ങൽ, ശ്വാസതടസ്സം, ബോധക്ഷയം തുടങ്ങിയ ലക്ഷണങ്ങൾ അനുഭവപ്പെട്ടാൽ ഉടൻ തന്നെ വൈദ്യസഹായം തേടണമെന്നും അധികൃതർ നിർദേശിച്ചു.

+ There are no comments

Add yours