‘കേരളത്തെ അടിയന്തരാവസ്ഥയിലേക്ക് നയിക്കാനാണോ ശ്രമം?’; മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമർശനവുമായി പി. രാജീവ്

Estimated read time 0 min read

കൊച്ചി: മാധ്യമങ്ങളോട് മുഖ്യമന്ത്രി സ്വീകരിക്കുന്ന മോശം സമീപനത്തിനെതിരെ രൂക്ഷവിമർശനവുമായി പി. രാജീവ്. മാധ്യമങ്ങൾക്ക് എത്ര സമയം വേണമെങ്കിലും ചോദ്യം ചോദിക്കാൻ അവസരം നൽകുന്ന ഒരേയൊരാൾ താനാണെന്ന് മുൻപ് അവകാശപ്പെട്ട മുഖ്യമന്ത്രിയാണ് ഇപ്പോൾ മാധ്യമങ്ങളോട് കയർക്കുന്നത്. അടിയന്തരാവസ്ഥ കാലത്താണ് വാർത്തകൾ നൽകണമോ വേണ്ടയോ എന്ന് പൊലീസ് തീരുമാനിച്ചിരുന്നത്. സമാനമായ രീതിയിൽ കേരളത്തെ ഒരു അടിയന്തരാവസ്ഥയിലേക്ക് കൊണ്ടുപോകാനാണോ മുഖ്യമന്ത്രിയുടെ ശ്രമമെന്നും പി. രാജീവ് ചോദിച്ചു.

ചിപ്സൺ വഴി സ്പോൺസർഷിപ്പിൽ വിമാനം വാടകയ്ക്ക് എടുത്തതുമായി ബന്ധപ്പെട്ട വിവാദത്തിൽ മറുപടിയില്ലാത്തതിനാലാണ് മുഖ്യമന്ത്രി മാധ്യമങ്ങളിൽ നിന്ന് ഒളിച്ചോടുന്നത്. സർക്കാരിന് ചെലവില്ലാത്തതിനാൽ ആരിൽ നിന്നും സ്പോൺസർഷിപ്പ് സ്വീകരിക്കാമെന്ന മുഖ്യമന്ത്രിയുടെ വാദം തെറ്റാണ്. ഭരണഘടനാ പദവിയിലിരിക്കുന്ന ഒരാൾ ഇത്തരം സൗകര്യങ്ങൾ സ്വീകരിക്കുന്നത് കടുത്ത നിയമലംഘനമാണ്. വി.ഡി. സതീശൻ എന്ന വ്യക്തിക്കല്ല, മറിച്ച് മുഖ്യമന്ത്രി എന്ന പദവിക്കാണ് ഈ സൗജന്യം ലഭിച്ചത്. പ്രതിപക്ഷ നേതാവായിരുന്നപ്പോൾ ആരും ഈ സൗജന്യവുമായി അദ്ദേഹത്തെ സമീപിക്കാതിരുന്നത് അതുകൊണ്ടാണെന്നും രാജീവ് ചൂണ്ടിക്കാട്ടി.

മന്ത്രിമാർ വിദേശത്ത് പോകുന്നതിൽ തെറ്റില്ലെങ്കിലും, മുൻഗണനാ അടിസ്ഥാനത്തിൽ വേണം അത് തീരുമാനിക്കാൻ. മന്ത്രിമാരാരും സംസ്ഥാനത്ത് അവശേഷിക്കാത്ത രീതിയിലുള്ള കൂട്ടത്തോടെയുള്ള വിദേശയാത്രകൾ ശരിയല്ല. പ്രതിപക്ഷത്തിരുന്നപ്പോൾ ഇത്തരം വിഷയങ്ങളിൽ സ്വീകരിച്ച നിലപാട് ഇവർ ഓർക്കണം. ലഭിച്ച ജനവിധി എന്തും ചെയ്യാനുള്ള ലൈസൻസായി തെറ്റിദ്ധരിക്കരുതെന്നും, ഭരണപക്ഷം ജനങ്ങളെ വെല്ലുവിളിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

+ There are no comments

Add yours