കൊച്ചിയിലെ ഗോകുലം പാർക്കിൽ പരിപാടിക്കെത്തിയ മുഖ്യമന്ത്രിയോട് ചോദ്യങ്ങൾ ചോദിക്കുന്നതിൽ നിന്നും മാധ്യമപ്രവർത്തകർക്ക് പൊലീസിന്റെ വിലക്ക്. മൈക്കുമായി മുഖ്യമന്ത്രിയുടെ അടുത്തേക്ക് പോകരുതെന്നും മാറിനിൽക്കണമെന്നും എറണാകുളം എ.സി.പി പീറ്റർ കെ.ജെ മാധ്യമപ്രവർത്തകർക്ക് നിർദ്ദേശം നൽകി. മുഖ്യമന്ത്രിക്ക് ഇസഡ് പ്ലസ് (Z+) സുരക്ഷയുള്ളതിനാലാണ് ഈ നിയന്ത്രണമെന്നും, അദ്ദേഹത്തിന് ചോദ്യങ്ങളോട് പ്രതികരിക്കാൻ താത്പര്യമില്ലെന്നും പൊലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഇത്തരത്തിലൊരു നിർദ്ദേശം മുകളിൽനിന്നും ലഭിച്ചിട്ടുണ്ടോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തോട് എ.സി.പി പ്രതികരിച്ചില്ല. തുടർന്ന് കനത്ത പൊലീസ് വലയത്തിലാണ് മുഖ്യമന്ത്രി വേദിയിലെത്തിയത്.
കഴിഞ്ഞ ദിവസം ഇടുക്കിയിൽ വെച്ചും മുഖ്യമന്ത്രി പിണറായി വിജയൻ മാധ്യമങ്ങളോട് കയർത്തിരുന്നു. ഇടുക്കി കളക്ട്രേറ്റിലെ ഉന്നതതല യോഗത്തിന് ശേഷം പുറത്തിറങ്ങിയ അദ്ദേഹത്തോട് മാധ്യമങ്ങൾ പ്രതികരണം തേടിയപ്പോഴായിരുന്നു സംഭവം. ചുറ്റും നിൽക്കുന്ന ജനങ്ങളിൽ നിന്ന് പരാതികൾ വാങ്ങാനുണ്ടെന്നും, താൻ മാധ്യമങ്ങളെ കാണുന്നില്ലെന്നും മാറിനിൽക്കാനും ആവശ്യപ്പെട്ടാണ് അദ്ദേഹം പ്രതികരിക്കാൻ വിസമ്മതിച്ചത്. കുടുംബസമേതമുള്ള വിവാദ വിമാനയാത്രയുടെ സ്പോൺസർ ആരാണെന്നതിലും, ശശിധരൻ കർത്തായിൽ നിന്ന് പണം കൈപ്പറ്റിയവരുടെ പട്ടികയിൽ മുഖ്യമന്ത്രിയുടെ പേരുണ്ടെന്ന ആരോപണത്തിലും മാധ്യമങ്ങൾ പ്രതികരണം തേടുന്നതിനിടെയാണ് പൊലീസിന്റെ ഈ കർശന നിയന്ത്രണം.




+ There are no comments
Add yours