വടകര എം.ഡി.എം.എ കേസിൽ ജാമ്യത്തിലിറങ്ങിയ മൂന്നാം പ്രതി കീർത്തനയ്ക്ക് ഭർത്താവിന്റെ വെട്ടേറ്റു. ഹൈക്കോടതി ജാമ്യവ്യവസ്ഥയുടെ ഭാഗമായി വടകര പോലീസ് സ്റ്റേഷനിൽ ഒപ്പിടാൻ എത്തിയപ്പോഴായിരുന്നു സ്റ്റേഷന് മുന്നിൽവെച്ചുള്ള അപ്രതീക്ഷിത ആക്രമണം. ഭർത്താവ് വിനീഷിനെ പോലീസ് കസ്റ്റഡിയിലെടുത്തു. കത്തി ഉപയോഗിച്ചുള്ള ആക്രമണത്തിൽ പരിക്കേറ്റ കീർത്തനയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് നിലവിൽ ലഭിക്കുന്ന വിവരം.
കുടുംബപ്രശ്നങ്ങളാണോ ആക്രമണത്തിന് പിന്നിലെന്ന് പോലീസ് അന്വേഷിച്ചുവരികയാണ്. എം.ഡി.എം.എ കേസിൽ രണ്ടാഴ്ച മുൻപാണ് കീർത്തനയ്ക്ക് ജാമ്യം ലഭിച്ചത്. തനിക്ക് കേസുമായി യാതൊരു ബന്ധമില്ലെന്നും മറ്റുള്ളവർ കുടുക്കിയതാണെന്നുമായിരുന്നു ഇവരുടെ പ്രധാന വാദം.
പേരാമ്പ്ര ബി.ആർ.സിയിലെ സ്പെഷ്യൽ എജ്യുക്കേറ്ററാണ് മരുതോങ്കര സ്വദേശിയായ കീർത്തന. കേസിൽ കീർത്തനയ്ക്ക് പുറമെ സ്പെഷ്യൽ എജ്യുക്കേറ്ററായ വി.പി. നീഷ്മ, അധ്യാപിക കെ. കാവ്യ, ഓൺലൈൻ ഡെലിവറി ഏജന്റായ ജിജിൽ കുര്യാക്കോസ്, സഫ്‌വാൻ എന്നിവരെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. വയനാട് സുൽത്താൻ ബത്തേരി സ്വദേശിയായ ഷിന്റോ ഷിബുവാണ് ലഹരിക്കടത്തിന്റെ മുഖ്യ സൂത്രധാരനെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ.




+ There are no comments
Add yours