കേരള ചലച്ചിത്ര അക്കാദമി ചെയർമാനായി നടൻ രവീന്ദ്രനെ നിയമിച്ചതിന് പിന്നാലെ തനിക്കെതിരെ നടക്കുന്ന സൈബർ പരിഹാസങ്ങൾക്ക് മറുപടിയുമായി നടൻ ജോയ് മാത്യു. അക്കാദമി അധ്യക്ഷ സ്ഥാനത്തേക്ക് ജോയ് മാത്യുവിനെയും സർക്കാർ പരിഗണിക്കുന്നതായി നേരത്തെ വാർത്തകളുണ്ടായിരുന്നു. എന്നാൽ രവീന്ദ്രനെ അധ്യക്ഷനായി പ്രഖ്യാപിച്ചതോടെ ജോയ് മാത്യുവിനെ പരിഹസിച്ച് സാമൂഹിക മാധ്യമങ്ങളിൽ ഇടത് പ്രൊഫൈലുകളിൽ നിന്ന് വലിയ തോതിൽ ട്രോളുകൾ നിറഞ്ഞിരുന്നു. ഇതിനാണ് അദ്ദേഹം ഫെയ്‌സ്ബുക്കിലൂടെ മറുപടി നൽകിയത്.
പുതിയ ചെയർമാനായി നിയോഗിക്കപ്പെട്ട രവീന്ദ്രനും ഭരണസമിതിക്കും ആശംസകൾ നേർന്ന ജോയ് മാത്യു, തനിക്ക് യാതൊരു വിഷമവുമില്ലെന്നും വ്യക്തമാക്കി. “രവീന്ദ്രനെ പ്രഖ്യാപിച്ചത് മുതൽ എന്റെ അഭ്യുദയകാംക്ഷികൾ, പ്രത്യേകിച്ച് വിപ്ലവ പാർട്ടി അടിമകൾ കടുത്ത വിഷമത്തിലാണ്. പാതിരാത്രി കണ്ണിൽ പാമോയിൽ ഒഴിച്ച് കാത്തിരിക്കുകയായിരുന്നു അവർ എന്ന് തോന്നിപ്പോകുന്ന പോസ്റ്റുകളാണ് കാണുന്നത്. സാരമില്ല സഖാക്കളെ സാരമില്ല. പത്ത് വർഷം മുൻപ് ‘ചിറകൊടിഞ്ഞ കിനാവുകളിൽ’ വിറകുവെട്ടുകാരനായി അഭിനയിച്ചതിനാൽ നിങ്ങളെപ്പോലെ എനിക്ക് യാതൊരു വിഷമവുമില്ല,” ജോയ് മാത്യു കുറിച്ചു.
അതേസമയം, കഴിഞ്ഞ ദിവസമാണ് സംസ്ഥാനത്തെ സാംസ്കാരിക അക്കാദമികളിൽ പുതിയ അധ്യക്ഷന്മാരെ സർക്കാർ പ്രഖ്യാപിച്ചത്. കൽപ്പറ്റ നാരായണൻ (സാഹിത്യ അക്കാദമി), ജി. വേണുഗോപാൽ (സംഗീത നാടക അക്കാദമി), പ്രേം കുമാർ (സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ – KSFDC), എം. രഞ്ജിത്ത് (സാംസ്കാരിക ക്ഷേമനിധി ബോർഡ്) എന്നിവരാണ് മറ്റ് അധ്യക്ഷന്മാർ. നടൻ രവീന്ദ്രനെ ചെയർമാനായും നടി പ്രിയങ്ക നായരെ വൈസ് ചെയർപേഴ്സണായും നിയമിച്ച് ചലച്ചിത്ര അക്കാദമിയുടെ ജനറൽ കൗൺസിലും സർക്കാർ പുനഃസംഘടിപ്പിച്ചിരുന്നു. നടൻ സലിം ഹസൻ, സംവിധായകൻ ജോഫിൻ ടി. ചാക്കോ എന്നിവരാണ് അക്കാദമിയുടെ പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ.




+ There are no comments
Add yours