മുട്ടിൽ മരംമുറി കൊള്ള പുറത്തുകൊണ്ടുവന്ന വനംവകുപ്പ് ഉദ്യോഗസ്ഥൻ പി. ധനേഷ് കുമാർ ഐ.എഫ്.എസിനെ അപ്രധാന തസ്തികയിലേക്ക് സ്ഥലംമാറ്റി. ധനേഷ് കുമാറിന് അർഹമായ പരിഗണന നൽകിയെന്ന വനംമന്ത്രി ഷിബു ബേബി ജോണിന്റെ അവകാശവാദം പൊളിക്കുന്നതാണ് ഈ നടപടി. നിലമ്പൂർ ഡി.എഫ്.ഒ ആയിരുന്ന അദ്ദേഹത്തെ ഫോറസ്റ്റ് റിസർച്ചിലേക്കാണ് മാറ്റിയിരിക്കുന്നത്. നിലമ്പൂരിലെ അനധികൃത പാറമടകൾക്കെതിരെ കർശന നടപടി തുടങ്ങിയതിന് പിന്നാലെയാണ് സ്ഥലംമാറ്റം.
നിലമ്പൂർ നോർത്ത് ഡിവിഷനിലെ 657.87 ഹെക്ടർ വനഭൂമി കൈയേറ്റവുമായി ബന്ധപ്പെട്ട് ഹൈക്കോടതി നിർദേശപ്രകാരം ധനേഷ് കുമാർ അന്വേഷണം നടത്തിവരികയായിരുന്നു. ഈ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് അദ്ദേഹത്തെ മാറ്റിയത്. പാറമട-കയ്യേറ്റ ലോബികളുടെ സമ്മർദ്ദമാണ് ഇതിന് പിന്നിലെന്ന ആക്ഷേപം ശക്തമാണ്. എന്നാൽ വനംമന്ത്രി ഈ ആരോപണങ്ങൾ നിഷേധിച്ചിരുന്നു. ഐ.എഫ്.എസ് പരിശീലനത്തിന്റെ ഭാഗമായി ഡെറാഡൂണിൽ ആയിരിക്കെയാണ് ധനേഷ് കുമാറിന് സ്ഥലംമാറ്റ ഉത്തരവ് ലഭിച്ചത്. കെ.കെ സുനിൽകുമാറാണ് പുതിയ നിലമ്പൂർ ഡി.എഫ്.ഒ.
മുട്ടിൽ മരംമുറി പുറത്തുകൊണ്ടുവന്ന മൂന്ന് പ്രധാന ഉദ്യോഗസ്ഥരിൽ ഒരാളാണ് ധനേഷ് കുമാർ. മരംമുറി കേസിൽ അന്വേഷണം പുരോഗമിക്കുന്നതിനിടെ അദ്ദേഹത്തെ കാസർകോട്ടേക്ക് സ്ഥലം മാറ്റിയിരുന്നു. പിന്നീട് 2025 ജൂലൈയിലാണ് നിലമ്പൂർ ഡി.എഫ്.ഒ ആയി നിയമിച്ചത്.




+ There are no comments
Add yours