ക്രിസ്ത്യാനികളല്ലാത്തവർ സ്വന്തം ഉത്തരവാദിത്തത്തിൽ പ്രവേശിക്കുക’; ഛത്തീസ്ഗഡിൽ പള്ളികൾക്ക് മുന്നിൽ മുന്നറിയിപ്പ് ബോർഡുകൾ

Estimated read time 1 min read

മതപരിവർത്തനം ആരോപിച്ച് ന്യൂനപക്ഷങ്ങൾക്കെതിരെയുള്ള അക്രമങ്ങളും സംഘർഷങ്ങളും വർധിക്കുന്ന പശ്ചാത്തലത്തിൽ, ഛത്തീസ്ഗഡിലെ ക്രിസ്ത്യൻ പള്ളികൾക്ക് മുന്നിൽ സുരക്ഷാ മുൻകരുതലായി മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചു. ‘ക്രിസ്ത്യാനികൾ അല്ലാത്തവർ സ്വന്തം ഉത്തരവാദിത്തത്തിൽ മാത്രം പള്ളിയിൽ പ്രവേശിക്കുക’ എന്നെഴുതിയ ബോർഡുകളാണ് സഭാ അധികൃതർ തന്നെ മുൻകൈയെടുത്ത് സ്ഥാപിച്ചിരിക്കുന്നത്. ഛത്തീസ്ഗഡിലെ ധംതരി ജില്ലയിലുള്ള പത്തോളം പള്ളികൾക്ക് മുന്നിലാണ് നിലവിൽ ഇത്തരം ബോർഡുകൾ വെച്ചിട്ടുള്ളത്.

ജില്ലയിലെ 116 വർഷം പഴക്കമുള്ള സുന്ദർഗഞ്ച് മെനോനൈറ്റ് പള്ളിക്ക് പുറത്തും സമാനമായ ബോർഡുണ്ട്. “സഭാ ഭരണസമിതിയുടെ ചട്ടങ്ങൾ പ്രകാരം, പ്രാർത്ഥനയ്ക്കായി പള്ളിയിൽ പ്രവേശിക്കാൻ ക്രിസ്ത്യാനികൾക്ക് മാത്രമേ അനുവാദമുള്ളൂ. സ്വമേധയാ പ്രവേശിക്കുന്ന മറ്റുള്ളവർ സ്വന്തം ഉത്തരവാദിത്തത്തിൽ ആയിരിക്കും പ്രവേശിക്കുന്നത്,” എന്നാണ് ഇതിൽ വ്യക്തമാക്കിയിരിക്കുന്നത്.

പുതിയ ഛത്തീസ്ഗഢ് മതസ്വാതന്ത്ര്യ നിയമം (2026) പ്രകാരമുള്ള നിയമനടപടികൾ ഒഴിവാക്കുന്നതിനുള്ള മുൻകരുതൽ എന്ന നിലയിലാണ് പള്ളി അധികൃതർ ഈ നടപടി സ്വീകരിച്ചിരിക്കുന്നത്. ഒരു മതത്തിൽ നിന്ന് മറ്റൊരു മതത്തിലേക്ക് മാറാൻ ആഗ്രഹിക്കുന്ന വ്യക്തികൾ ബന്ധപ്പെട്ട അധികാരിക്ക് മുൻകൂട്ടി സത്യവാങ്മൂലം സമർപ്പിക്കണമെന്നാണ് ഈ നിയമം അനുശാസിക്കുന്നത്. ഇതിന്റെ മറവിൽ ഉണ്ടാകാൻ സാധ്യതയുള്ള വ്യാജ മതപരിവർത്തന ആരോപണങ്ങളിൽ നിന്നും അതിക്രമങ്ങളിൽ നിന്നും സംരക്ഷണം നേടാനാണ് സഭാ അധികൃതരുടെ ഈ നീക്കം.

+ There are no comments

Add yours