ഇ-ചെലാനിൽ നിന്ന് നിയമലംഘനത്തിന്റെ ചിത്രങ്ങൾ ഒഴിവാക്കില്ല; വ്യാജ വാർത്തകൾ തള്ളി മോട്ടോർ വാഹന വകുപ്പ്

Estimated read time 1 min read

ഇ-ചെലാനുകളിൽ നിന്ന് ഗതാഗത നിയമലംഘനങ്ങളുടെ ചിത്രങ്ങൾ ഒഴിവാക്കുന്നുവെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് മോട്ടോർ വാഹന വകുപ്പ് (എം.വി.ഡി) വ്യക്തമാക്കി. വ്യക്തികളുടെ സ്വകാര്യത മാനിച്ച് ചിത്രങ്ങൾ ഒഴിവാക്കുന്നു എന്നായിരുന്നു സാമൂഹിക മാധ്യമങ്ങളിലെ പ്രധാന പ്രചാരണം. എന്നാൽ ഇത്തരമൊരു ഉത്തരവോ നിർദേശമോ വകുപ്പ് നൽകിയിട്ടില്ലെന്നും, വ്യാജ വാർത്തകൾക്കെതിരെ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും എം.വി.ഡി അറിയിച്ചു.

സെപ്റ്റംബർ 25-നകം ഡ്രൈവിങ് ലൈസൻസുമായി മൊബൈൽ നമ്പർ ബന്ധിപ്പിച്ചില്ലെങ്കിൽ ലൈസൻസ് റദ്ദാകുമെന്ന തരത്തിൽ അടുത്തിടെ പ്രചരിച്ച വാർത്തകളും വ്യാജമാണെന്ന് എം.വി.ഡി നേരത്തെ വ്യക്തമാക്കിയിരുന്നു. ഓൺലൈൻ സേവനങ്ങൾ സുഗമമായി ലഭിക്കാൻ മൊബൈൽ നമ്പർ ലിങ്ക് ചെയ്യേണ്ടത് ആവശ്യമാണെങ്കിലും, ഇതിന്റെ പേരിൽ ലൈസൻസ് റദ്ദാക്കുമെന്ന പ്രചാരണം തെറ്റാണെന്ന് വകുപ്പ് വിശദീകരിച്ചു.

+ There are no comments

Add yours