ബത്തേരി സ്റ്റേഷനിലെ തൊണ്ടിമുതൽ മോഷണം: സി.പി.ഒ സബിത് മോഷ്ടിച്ച ഹാൻസ് ചാക്കുകൾ പൊലീസ് ക്വാർട്ടേഴ്‌സിൽ നിന്ന് കണ്ടെടുത്തു

Estimated read time 1 min read

വയനാട്: സുൽത്താൻ ബത്തേരി പൊലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിരുന്ന തൊണ്ടിമുതൽ മോഷ്ടിച്ച കേസിൽ നിർണായക വഴിത്തിരിവ്. പ്രതിയായ സീനിയർ സിവിൽ പൊലീസ് ഓഫീസർ (സി.പി.ഒ) സബിത്തുമായി അന്വേഷണസംഘം നടത്തിയ തെളിവെടുപ്പിൽ മോഷ്ടിക്കപ്പെട്ട ഹാൻസ് ചാക്കുകൾ കണ്ടെടുത്തു. സ്റ്റേഷനിൽ നിന്നും വെറും 500 മീറ്റർ മാത്രം അകലെയുള്ള പൊലീസ് ക്വാർട്ടേഴ്സിൽ നിന്നാണ് ഇവ കണ്ടെത്തിയത്.

മോഷണത്തിന് ശേഷം കൽപ്പറ്റയിലായിരുന്നു ഹാൻസ് ചാക്കുകൾ സൂക്ഷിച്ചിരുന്നത്. എന്നാൽ, സംഭവത്തിൽ കേസെടുത്തതിന്റെ പിറ്റേദിവസം പുലർച്ചെ ഇവ ക്വാർട്ടേഴ്സിലേക്ക് മാറ്റിയെന്നാണ് പൊലീസ് നൽകുന്ന വിവരം. സ്റ്റേഷൻ വളപ്പിൽ നിന്നും സബിത്ത് ഒറ്റയ്ക്കാണ് തൊണ്ടിമുതൽ പുറത്തെത്തിച്ചതെങ്കിലും, പിന്നീട് ഇയാൾക്ക് പുറത്തുനിന്ന് സഹായം ലഭിച്ചതായി അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങളും നിർണായക സാക്ഷിമൊഴികളും പൊലീസിന് ലഭിച്ചിട്ടുണ്ട്. സബിത്ത് കുറ്റം സമ്മതിച്ചതായി അന്വേഷണ സംഘം അറിയിച്ചു. കേസെടുത്തതിന് പിന്നാലെ ഒളിവിൽ പോയ ഇയാളെ എറണാകുളം കളമശ്ശേരിയിൽ നിന്നാണ് പൊലീസ് പിടികൂടിയത്.

ജൂൺ ഏഴിന് പിടികൂടിയ ഏഴ് ചാക്ക് ഹാൻസാണ് മോഷണം പോയത്. ജൂൺ 26-ന് കോടതിയിൽ ഹാജരാക്കിയ ശേഷം ഇവ സ്റ്റേഷൻ കോമ്പൗണ്ടിലെ പ്രത്യേക മുറിയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. കഴിഞ്ഞ പത്താം തീയതി മുറി വൃത്തിയാക്കാനായി തുറന്നപ്പോഴാണ് തൊണ്ടിമുതൽ നഷ്ടപ്പെട്ട വിവരം പുറത്തറിയുന്നത്. മുറിയുടെ പൂട്ട് തകർക്കാതെയായിരുന്നു മോഷണം നടത്തിയത്. തുടർന്ന് നടന്ന അന്വേഷണത്തിലാണ് ഉദ്യോഗസ്ഥനായ സബിത്തിന്റെ പങ്ക് വ്യക്തമായതും അറസ്റ്റിലേക്ക് നീങ്ങിയതും.

+ There are no comments

Add yours