കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ചെയർമാനായി നിയമിതനായതിനെ വലിയൊരു ദൗത്യവും അംഗീകാരവുമായി കാണുന്നുവെന്ന് നടൻ രവീന്ദ്രൻ. വിവിധ ഫിലിം ഫെസ്റ്റിവലുകളുടെ ഡയറക്ടറായി പ്രവർത്തിച്ചുള്ള പരിചയം പുതിയ സ്ഥാനത്ത് മുതൽക്കൂട്ടാകും. ചലച്ചിത്ര മേളകളുമായി തനിക്ക് 40 വർഷത്തെ ബന്ധമുണ്ട്. മലയാള സിനിമകളെ രാജ്യാന്തര തലത്തിൽ കൂടുതൽ ശ്രദ്ധേയമാക്കാൻ ശ്രമിക്കുമെന്നും, അക്കാദമിക്കായി സാധ്യമായതെല്ലാം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. പുതിയ സ്ഥാനത്തേക്ക് പരിഗണിച്ചതിന് സർക്കാരിനും സാംസ്കാരിക വകുപ്പിനും അദ്ദേഹം നന്ദി അറിയിച്ചു.
അക്കാദമിയുടെ പുതിയ വൈസ് ചെയർപേഴ്സണായി നടി പ്രിയങ്ക നായരെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്. വൈക്കം വിജയലക്ഷ്മി, ധർമ്മജൻ ബോൾഗാട്ടി, സക്കരിയ, ദീപു കരുണാകരൻ തുടങ്ങിയവരെ ഉൾപ്പെടുത്തി അക്കാദമിയുടെ ജനറൽ കൗൺസിലും പുനഃസംഘടിപ്പിച്ചിട്ടുണ്ട്.
മികച്ച സിനിമ തിരഞ്ഞെടുക്കുക എന്നതിലുപരി സിനിമയ്ക്ക് യോജിച്ച വേദിയും സംവാദ പരിസരവും സൃഷ്ടിക്കുന്ന ക്യൂറേറ്റോറിയൽ സമീപനമാണ് രവീന്ദ്രന്റേത്. തൃപ്പൂണിത്തുറ സ്വദേശിയായ അദ്ദേഹം ചെന്നൈ അഡയാർ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ പഠനത്തിന് ശേഷമാണ് സിനിമയിലെത്തുന്നത്. 1980-ൽ പുറത്തിറങ്ങിയ ‘ഒരു തലൈ രാഗം’ എന്ന തമിഴ് ചിത്രത്തിലൂടെയാണ് ശ്രദ്ധേയനായത്. തുടർന്ന് ഈ നാട്, ജോൺ ജാഫർ ജനാർദ്ദനൻ, അതിരാത്രം തുടങ്ങി നിരവധി മലയാളം, തമിഴ് ചിത്രങ്ങളിൽ അഭിനയിച്ചു. എന്നാൽ അഭിനയത്തിൽ മാത്രം ഒതുങ്ങിനിൽക്കാതെ സിനിമയുടെ സൗന്ദര്യശാസ്ത്രവും ഭാഷയും ആഴത്തിൽ പഠിക്കാനാണ് അദ്ദേഹം പിന്നീട് ശ്രമിച്ചത്. ജോൺ എബ്രഹാം, ഭരതൻ തുടങ്ങിയവരുമായുള്ള സംവാദങ്ങളും ദീർഘകാലത്തെ സിനിമാപഠനവും അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകൾക്ക് അടിത്തറ പാകി.
മൺസൂൺ സിനി ഫെസ്റ്റ്, പീസ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ, സ്വരലയ ഫിലിം ഫെസ്റ്റിവൽ, കൊച്ചി മെട്രോ മലയാളം ഷോർട്ട് ഫിലിം ഫെസ്റ്റിവൽ തുടങ്ങി നിരവധി മേളകളുടെ ഫെസ്റ്റിവൽ ഡയറക്ടറായി അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. സിനിമയെ ജനങ്ങളിലെത്തിക്കുന്നതിനൊപ്പം പുതിയ പ്രതിഭകൾക്ക് വേദിയൊരുക്കാനും ഈ മേളകളിലൂടെ അദ്ദേഹത്തിന് സാധിച്ചു. കേരളത്തിന് പുറമെ ഗൾഫ് രാജ്യങ്ങളിലും പ്രവാസി സമൂഹത്തെയും മലയാള സിനിമയെയും ബന്ധിപ്പിക്കുന്ന സിനിമാ സംവാദങ്ങൾക്കും ഫിലിം ലിറ്ററസി പ്രവർത്തനങ്ങൾക്കും അദ്ദേഹം നേതൃത്വം നൽകുന്നുണ്ട്. ദൃശ്യസാക്ഷരതയുമായി ബന്ധപ്പെട്ട് ഒട്ടേറെ ശിൽപ്പശാലകൾ സംഘടിപ്പിച്ച രവീന്ദ്രൻ സിനിമയെക്കുറിച്ച് പഠനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.




+ There are no comments
Add yours