ഭീകരവാദ വിഷയത്തിൽ ഐക്യരാഷ്ട്രസഭയിൽ പാകിസ്താന് ഇന്ത്യയുടെ രൂക്ഷവിമർശനം. വർഷങ്ങളായി യു.എന്നിൽ നുണകൾ ആവർത്തിക്കുന്നതുകൊണ്ട് യാഥാർത്ഥ്യം മറച്ചുവെക്കാനാകില്ലെന്നും, പാകിസ്താന്റെ ഭീകരവാദ പ്രവർത്തനങ്ങൾക്ക് കനത്ത പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്നും ഇന്ത്യ മുന്നറിയിപ്പ് നൽകി. യു.എന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി സംഘത്തിലെ ഫസ്റ്റ് സെക്രട്ടറി പെറ്റൽ ഗെഹ്‌ലോട്ടാണ് പാകിസ്താന് മറുപടി നൽകിയത്. പകൽ സുരക്ഷയെക്കുറിച്ച് സംസാരിക്കുകയും രാത്രിയിൽ ഭീകരവാദത്തിന് കൂട്ടുനിൽക്കുകയും ചെയ്യുന്ന സമീപനമാണ് പാകിസ്താന്റേതെന്ന് അവർ തുറന്നടിച്ചു.
ജമ്മു കശ്മീർ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്ന് ഇന്ത്യ യു.എന്നിൽ ആവർത്തിച്ചു. പാക് അധിനിവേശ കശ്മീരിൽ (PoK) ജനങ്ങൾക്ക് അടിസ്ഥാന ആവശ്യങ്ങൾ പോലും നിഷേധിക്കപ്പെടുകയും അവർ നിരന്തരം ക്രൂരമായ ആക്രമണങ്ങൾക്ക് ഇരയാകുകയും ചെയ്യുന്നുണ്ട്. സ്വന്തം ജനതയോട് കൊടുംക്രൂരത കാണിക്കുന്നവരാണ് ജനാധിപത്യത്തെക്കുറിച്ചും മനുഷ്യാവകാശങ്ങളെക്കുറിച്ചും വാചാലരാകുന്നത്. പാകിസ്താനിലേത് സൈന്യത്തിന്റേതായ, സൈന്യത്താലുള്ള, സൈന്യത്തിനു വേണ്ടിയുള്ള ഭരണകൂടമാണെന്നും വിദ്വേഷത്തിന്റെ ചരിത്രമുള്ളവരാണ് അവകാശങ്ങളെപ്പറ്റി സംസാരിക്കുന്നതെന്നും പെറ്റൽ ഗെഹ്‌ലോട്ട് കുറ്റപ്പെടുത്തി.
ഇതിനിടെ, ന്യൂയോർക്കിൽ യു.എൻ പൊതുസഭയുടെ ഭാഗമായി നടന്ന വാർത്താസമ്മേളനത്തിനിടെ പ്രകോപനപരമായ ചോദ്യമുന്നയിച്ച പാക് മാധ്യമപ്രവർത്തകന് വിദേശകാര്യമന്ത്രി എസ്. ജയശങ്കറും കടുത്ത ഭാഷയിൽ മറുപടി നൽകി. ഇന്ത്യയെ ആക്ഷേപിച്ച് സംസാരിച്ച മാധ്യമപ്രവർത്തകനോട് ‘ഒരു ഭീകരരാജ്യമാണോ തന്നോട് ചോദ്യം ചോദിക്കുന്നത്’ എന്നായിരുന്നു അദ്ദേഹം തിരിച്ചുചോദിച്ചത്.




+ There are no comments
Add yours