തിരുവനന്തപുരം: സംസ്ഥാന സർക്കാരുമായി വിമാന കരാർ പുതുക്കാൻ താല്പര്യമില്ലെന്ന് വ്യക്തമാക്കി ചിപ്സൺ ഏവിയേഷൻ. നിലവിലെ കരാർ കമ്പനിക്ക് ലാഭകരമല്ലെന്നും, കരാർ പുതുക്കിയെടുക്കുന്നതിനായി വഴിവിട്ട യാതൊരു നീക്കങ്ങളും നടത്തിയിട്ടില്ലെന്നും കമ്പനി അധികൃതർ വിശദീകരിച്ചു. മുഖ്യമന്ത്രി വി.ഡി. സതീശന്റെ ചാർട്ടേഡ് വിമാനയാത്രയുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് പിന്നാലെയാണ് ചിപ്സൺ ഏവിയേഷൻ തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്.
മുഖ്യമന്ത്രി മലപ്പുറം യാത്രയ്ക്ക് ഉപയോഗിച്ച സ്വകാര്യ വിമാനത്തിന്റെ സ്പോൺസർ ചിപ്സൺ ഏവിയേഷൻ ആണെന്ന വിവരം കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവന്നിരുന്നു. കർണാടകയിലെ കോൺഗ്രസ് നേതാവും മന്ത്രിയുമായ കെ.ജെ. ജോർജിന്റെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള ‘കേളചന്ദ്ര ഏവിയേഷന്റെ’ വിമാനത്തിലാണ് മുഖ്യമന്ത്രി യാത്ര ചെയ്തത്. ഇതിന്റെ യാത്രാച്ചെലവുകൾ വഹിച്ചത് ചിപ്സൺ ഏവിയേഷനാണ്. മന്ത്രിസഭാ യോഗത്തിന് ശേഷമുള്ള വാർത്താസമ്മേളനത്തിൽ മാധ്യമപ്രവർത്തകർ ആവർത്തിച്ച് ചോദിച്ചിട്ടും വിമാനയാത്രയുടെ സ്പോൺസർ ആരാണെന്ന് വെളിപ്പെടുത്താൻ മുഖ്യമന്ത്രി വി.ഡി. സതീശൻ തയ്യാറായിരുന്നില്ല.




+ There are no comments
Add yours