ദേശീയ ടീമിനായി കളിക്കളത്തിലും പുറത്തും ഇനിയും മികച്ച സംഭാവനകൾ നൽകാൻ കഴിയുമെന്നാണ് തന്റെ വിശ്വാസമെന്നും, അതിന് സാധിക്കില്ലെന്ന് തോന്നുമ്പോൾ ടീമിൽ നിന്ന് പിന്മാറുമെന്നും പോർച്ചുഗീസ് സൂപ്പർതാരം ക്രിസ്റ്റിയാനോ റൊണാൾഡോ. ദേശീയ ടീമിൽ നിന്നുള്ള വിരമിക്കലുമായി ബന്ധപ്പെട്ട് മാധ്യമപ്രവർത്തകർ ഉന്നയിച്ച ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു 41-കാരനായ താരം.
തന്റെ തീരുമാനങ്ങളെയും ഭാവിയെയും കുറിച്ച് എപ്പോഴും ചിന്തിക്കാറുണ്ടെന്നും, അതുകൊണ്ടാണ് ഇപ്പോഴും ടീമിൽ തുടരുന്നതെന്നും റൊണാൾഡോ വ്യക്തമാക്കി. “ടീം പ്രസിഡന്റുമായും പരിശീലകനുമായും ഞാൻ സംസാരിച്ചിരുന്നു. ടീമിനെ അവർ ആഗ്രഹിക്കുന്ന തലത്തിലേക്ക് എത്തിക്കാൻ എനിക്ക് കഴിയുമെന്ന് ഇപ്പോഴും വിശ്വസിക്കുന്നു. എന്നാൽ എനിക്കിവിടെ ഒന്നും ചെയ്യാനില്ലെന്ന് തോന്നുമ്പോൾ അത് അവസാനിക്കും,” അദ്ദേഹം പറഞ്ഞു.
കരിയറിൽ ആയിരം ഗോളുകൾ തികയ്ക്കുക എന്നതാണ് തന്റെ വലിയ ആഗ്രഹങ്ങളിലൊന്നെന്ന് പറഞ്ഞ റൊണാൾഡോ, അത് ദേശീയ ജഴ്സിയിലായാൽ കൂടുതൽ സന്തോഷിക്കുമെന്നും സൂചിപ്പിച്ചു. നിലവിൽ സൗദി ക്ലബ്ബായ അൽ നസറിനായി കളിക്കുന്ന താരത്തിന്റെ പേരിൽ 979 കരിയർ ഗോളുകളാണുള്ളത്. ഫോം നഷ്ടപ്പെട്ടിട്ടും ദേശീയ ടീമിൽ തുടരുന്നതിനെതിരെ സാമൂഹിക മാധ്യമങ്ങളിലും ചില ടെലിവിഷൻ ചാനലുകളിലും ഉയർന്ന വിമർശനങ്ങളെക്കുറിച്ച് തനിക്ക് കൃത്യമായ ബോധ്യമുണ്ടെന്നും, ഫുട്ബോളിന് പുറത്തും ദേശീയ ടീമിന് തന്റെ പൂർണ്ണ പിന്തുണയുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.




+ There are no comments
Add yours